സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷം കിട്ടിയിട്ടില്ലല്ലോയെന്ന് അവതാരകന്‍, അറക്കല്‍ അയിഷയെ സൂചിപ്പിച്ച് ജെനീലിയ, അഭിമുഖം വൈറല്‍
Malayalam Cinema
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷം കിട്ടിയിട്ടില്ലല്ലോയെന്ന് അവതാരകന്‍, അറക്കല്‍ അയിഷയെ സൂചിപ്പിച്ച് ജെനീലിയ, അഭിമുഖം വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 10:22 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് ജെനീലിയ. ഷങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് താരം സിനിമാലോകത്തേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളായി മാറാന്‍ ജെനീലിയക്ക് സാധിച്ചു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു.

ഒരിടവേളക്ക് ശേഷം ജെനീലിയ നായികയായെത്തിയ ചിത്രമാണ് സിതാരേ സമീന്‍ പര്‍. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തില്‍ സുനിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജെനീലിയ നല്‍കിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷം ലഭിച്ചിട്ടില്ലല്ലോയെന്ന അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഹൈദരബാദില്‍ ചെന്നാല്‍ അവിടെ താന്‍ ഹരിണിയാണെന്നും തമിഴ്‌നാട്ടില്‍ താന്‍ ഇന്നു പലര്‍ക്കും ഹാസിനിയാണെന്നും ജെനീലിയ പറഞ്ഞു. മലയാളത്തില്‍ ചെയ്ത ആയിഷ എന്ന കഥാപാത്രം ശക്തമായ ഒന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ത്ഥ് കണ്ണനോട് സംസാരിക്കുകയായിരുന്നു ജെനീലിയ.

‘സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എനിക്ക് നല്ല വേഷം തന്നിട്ടില്ലെന്ന വാദം തെറ്റാണ്. നിങ്ങള്‍ ഹൈദരബാദില്‍ പോയി നോക്കൂ. അവിടെ ഞാന്‍ ഹരിണിയാണ്. ഇനി തമിഴ്‌നാട്ടില്‍ പോയി നോക്കിയാല്‍ അവിടെയുള്ള പലര്‍ക്കും ഞാന്‍ ഇന്നും ഹാസിനിയാണ്. ഇനി കേരളത്തിന്റെ കാര്യം നോക്കിയാല്‍ അയിഷ എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എനിക്കൊരു ലേണിങ് ഗ്രൗണ്ടായിരുന്നു. എനിക്ക് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ നിന്നാണ്. അവിടെയുള്ള ഇന്‍ഡസ്ട്രികളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ എല്ലാകാലത്തും എനിക്ക് കടപ്പാടുണ്ട്. ആ കഥാപാത്രങ്ങള്‍ ലഭിച്ചതില്‍ ഞാന്‍ ബ്ലെസ്ഡാണ്. എന്നാല്‍ ചില ആളുകള്‍ ഇന്നും നമ്മളെ പുതിയ സിനിമകള്‍ കൊണ്ട് മാത്രമാണ് ജഡ്ജ് ചെയ്യുന്നത്,’ ജെനീലിയ പറയുന്നു.

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും കാലങ്ങള്‍ക്കിപ്പുറം പലരുടെയും ഫേവറെറ്റായി മാറി.

Content Highlight: Genelia Deshmukh replied to anchor’s question about her roles in South Indian cinemas