കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണയുമായി ഗീവര്‍ഗീസ് കൂറിലോസ്. തനിക്ക് വേടനെ നേരിട്ട് കാണണമെന്നും ആലിംഗനം ചെയ്ത് സംസാരിക്കണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. കേരളത്തിന്റെ ബോബ് മാര്‍ലിയെന്ന് വേടനെ വിശേഷിപ്പിച്ച അദ്ദേഹം ലഹരിയുടെ സ്വാധീനം വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പുറത്തു വരാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കുമെന്നും പറഞ്ഞു.
തനിക്ക് വേടനെ വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞ അദ്ദേഹം വേടന്റെ പാട്ടുകളെയും അവയുടെ രാഷ്ട്രീയത്തെയും അതിലേറെ ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ബോബ് മാര്‍ലിയായ വേടന്‍ ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം തുടരണമെന്നും ഗീവര്‍ഗീസ് കുൂറിലോസ് ആവശ്യപ്പെട്ടു. ഇന്ന് ജാമ്യം കിട്ടിയതിന് പിന്നാലെ മാധ്യമങ്ങളോട് വേടന്‍ പറഞ്ഞ വാക്കുകളേയും അദ്ദേഹം അഭിനന്ദിച്ചു.
‘എത്ര നല്ല സന്ദേശം ആണ് വേടന്‍ ഇന്ന് സമൂഹത്തിനു നല്‍കിയത്. ‘തനിക്ക് തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാന്‍ തിരുത്തും’ എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. ജാമ്യം കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു.
മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ലഹരി പൂര്‍ണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ. അനിയന്റെ ചടുല സംഗീതത്തേക്കാള്‍ വലിയ ലഹരി വേറെ എന്തുണ്ട്? ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ സന്ദര്‍ഭത്തില്‍ ജൂലിയസ് സീസര്‍ കാഷിയസിനെക്കുറിച്ച് പറയുന്ന കാര്യവും ഗീവര്‍ഗീസ് കൂറിലോസ് തന്റെ പോസ്റ്റില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കാഷിയസില്‍ സംഗീതമില്ലാത്തതിനാല്‍ അപകടകാരി ആയിരിക്കുമെന്നാണ് സീസര്‍ പറഞ്ഞത്. എന്നാല്‍ നമ്മുടെ മേലാളന്മാര്‍ തിരിച്ചാണ് ചിന്തിക്കുന്നതെന്നും വേടനില്‍ സംഗീതം ഉണ്ട്, അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങള്‍ ഇന്ന് വേടനെ ഭയക്കുന്നുവെന്നും കാരണം വേടന്‍ പാടുന്നതും പറയുന്നതും ഇവര്‍ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല്ല് മാത്രമല്ല നഖവുമുള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടന്‍ ഇനിയും പാടണമെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Geevarghese Coorilose in support with rapper Vedan