ചെവിയുള്ളവര്‍ കേള്‍ക്കട്ടെ; പാംപ്ലാനിക്കെതിരായ വിമര്‍ശനത്തില്‍ എം.വി. ഗോവിന്ദനെ പിന്തുണച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ; പാംപ്ലാനിക്കെതിരായ വിമര്‍ശനത്തില്‍ എം.വി. ഗോവിന്ദനെ പിന്തുണച്ച് ഗീവര്‍ഗീസ് കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2025, 8:46 pm

കോഴിക്കോട്: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ വിമര്‍ശനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സുറിയാനി ഓര്‍ത്തഡോക്സ് സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിന്റെ പിന്തുണ.

എം.വി. ഗോവിന്ദന്‍ പറഞ്ഞത് ചെവിയുള്ളവര്‍ കേള്‍ക്കട്ടെ എന്നാണ് ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഗോവിന്ദന്‍ മാഷ് പറഞ്ഞത് കൃത്യമാണ്. ഒപ്പം.
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ,’ എന്നാണ് ഗീവര്‍ഗീസ് കൂറിലോസ് കുറിച്ചത്.

ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നാണ് പാംപ്ലാനിയെ കുറിച്ച് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് പാംപ്ലാനി സ്വീകരിച്ച നിലപാടുകളെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. എന്‍.ജി.ഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബി.ജെ.പിക്ക് എതിരെ സംസാരിച്ചു. പിന്നീട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് സ്തുതി പാടിയ പാംപ്ലാനി ഒഡീഷയിലെ സംഭവം വന്നതോടെ വീണ്ടും നിലപാട് മാറ്റി,’ എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

ഇതിനുപിന്നാലെ എം.വി. ഗോവിന്ദന്‍ ഗോവിന്ദച്ചാമിയെ പോലെയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് സീറോ മലബാര്‍ കത്തോലിക്കാ സഭ രംഗത്തെത്തി. എം.വി. ഗോവിന്ദന്റേത് തരംതാണ പ്രസ്താവനയെന്നും ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുതെന്നുമാണ് സഭ പറഞ്ഞത്.

സഭാ നേതാക്കള്‍ക്ക് പ്രതികരണം നടത്താന്‍ എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുകയായിരുന്നു. തുടര്‍ന്ന് സി.പി.ഐ.എമ്മിനെ ചീത്ത പറഞ്ഞ് ആര്‍.എസ്.എസ് പിന്തുണ ഉറപ്പിക്കാനാണ് ഒരു വിഭാഗം ക്രൈസ്തവ സഭാ നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ വിമര്‍ശനമുയര്‍ത്തി.

ധൈര്യമുണ്ടെങ്കില്‍ പാംപ്ലാനി രാഷ്ട്രീയമായി മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം. ഇതിനുമുമ്പ് ബി.ജെ.പിയെ പിന്തുണച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടല്ലെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ അറിയിച്ചിരുന്നു.

കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായെന്ന് പറഞ്ഞായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി ബി.ജെ.പിയെ പിന്തുണച്ചത്.

Content Highlight: Geevarghese Coorilos supports M.V. Govindan in his criticism of Pamplani