ഗസ യുദ്ധം; മാനസിക വൈകല്യങ്ങൾക്ക് ചികിത്സ തേടി 80,000ത്തിലധികം ഇസ്രഈലി സൈനികർ
Israel
ഗസ യുദ്ധം; മാനസിക വൈകല്യങ്ങൾക്ക് ചികിത്സ തേടി 80,000ത്തിലധികം ഇസ്രഈലി സൈനികർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 1:27 pm

ടെൽഅവീവ്: ഗസ യുദ്ധത്തിനെ തുടർന്ന് മാനസിക വൈകല്യങ്ങൾക്ക് ചികിത്സ തേടി 80,000ത്തിലധികം ഇസ്രഈലി സൈനികർ. മാനസിക ആരോഗ്യ കേസുകളിൽ അഭൂതപൂർവമായ വർധനവ് ഉണ്ടായതായി ഇസ്രഈലി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

2023 ഒക്ടോബറിൽ മന്ത്രാലയം ഏകദേശം 62,000ത്തോളം കേസുകൾ കൈകാര്യം ചെയ്തിരുന്നെന്നും ഈ കണക്ക് 85,000 ആയി ഉയർന്നതായും മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി മേധാവി തമർ ഷിമോണി പറഞ്ഞു.

ഇസ്രഈലി സൈനികരിൽ മൂന്നിലൊന്ന് പേർ ഒക്ടോബർ ഏഴിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു തെറാപ്പിസ്റ്റ് തന്നെ 750 ലധികം രോഗികളെ കൈകാര്യം ചെയ്യുന്ന അവസ്ഥയാണെന്നും ചില പ്രദേശങ്ങളിൽ അതിൽ കൂടുതലാണെന്നും പരിചരണമാവിശ്യമുള്ള എല്ലാവരിലേക്കും ചികിത്സ എത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

നവംബറിൽ ‘യെഡിയോത്ത് അഹ്റോനോത്ത്’ എന്ന പത്രം ഇസ്രഈലിൽ വ്യാപകമായ മാനസിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും മറക്കുമരുന്നിന്റെ ആസക്തി ധാരാളം സൈനികരുൾപ്പടെ ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് മാനസികാരോഗ്യ സഹായം ആവശ്യമാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം സൈന്യത്തിനുള്ളിൽ ആത്മഹത്യകൾ വർധിച്ചതായി ഇസ്രഈലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബറിൽ ഇസ്രഈലി സൈനിക ഡാറ്റ പ്രകാരം 18 മാസത്തിനിടെ 279 ആത്മഹത്യ ശ്രമങ്ങളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

2023 ഒക്ടോബർ മുതൽ ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ 70,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും 171,000-ത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: Gaza war: More than 80,000 Israeli soldiers seek treatment for mental disorders