കെയ്‌റോ: ഷാം എൽ ഷെയ്‌ഖിൽ നടക്കുന്ന ഗസ സമാധാന പദ്ധതിയുടെ ചർച്ചയിൽ ഒരു അന്താരാഷ്ട്ര ഉച്ചകോടിക്ക് നേതൃത്വം നൽകാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ-സിസിയും.
നാളെ (തിങ്കൾ) നടക്കുന്ന യോഗത്തിൽ 20ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻസി അറിയിച്ചു.
ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുക, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഒരു പുതിയ തുടക്കം കുറിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
യു.എൻ മേധാവി അന്റണിയോ ഗുട്ടെറസും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സുപ്രധാന അവസരമാണ് സമാധാന കരാറിലൂടെയുള്ള വെടിനിർത്തലെന്നും വിശ്വസനീയമായ രാഷ്ട്രീയ പാത മുന്നോട്ട് കൊണ്ടുപോകുന്നതിനും ഫലസ്തീനിലെ ഇസ്രഈൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രഈലും ഹമാസും യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരുന്ന ഗസ സമാധാനപദ്ധതിയിൽ ഇസ്രഈലും ഹമാസും വെടിനിർത്തൽ കരാറിലും തടവുകാരെ കൈമാറുന്നതിലുമുള്ള ധാരണയിലെത്തിയത്തിനു ശേഷമാണ് യോഗം ചേരുന്നത്.
ശനിയാഴ്ച ആയിരക്കണക്കിന് ഫലസ്തീനികൾ ഗസയുടെ വടക്കുഭാഗത്തുകൂടി സഞ്ചരിച്ച് തങ്ങളുടെ അവശേഷിക്കുന്ന സ്ഥലങ്ങളിലേക്ക് മടങ്ങി.
‘പറയാൻ കഴിയാത്ത അനുഭൂതിയാണ്. ദൈവത്തിന് സ്തുതി,’ യുദ്ധത്തിൽ തലയ്ക്ക് പരിക്കേറ്റ മകളോടൊപ്പം യാത്രചെയ്യുന്ന നബീല ബാസ റോയ്‌ട്ടേഴ്സിനോട് പറഞ്ഞു. ‘യുദ്ധം നിലച്ചതിലും കഷ്ടപാടുകൾ അവസാനിച്ചതിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്,’ അവർ കൂട്ടിച്ചേർത്തു.
Content Highlight: Gaza peace plan; El-Sisi and Trump to lead Summit