ഗസ സമാധാന കരാർ; ഹമാസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങൾ
World
ഗസ സമാധാന കരാർ; ഹമാസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2025, 2:39 pm

ന്യൂയോർക്ക്: ഗസ സമാധാന കരാർ ഭാഗികമായി അംഗീകരിച്ച ഹമാസിന്റെ തീരുമാനത്തോട് പ്രതികരിച്ച് ലോക രാജ്യങ്ങൾ. കാനഡ, ഫ്രാൻസ്, ഇന്ത്യ, യു.കെ, ഖത്തർ, തുർക്കി , ഈജിപ്ത്, ജർമനി, ഇറ്റലി, അയർലൻഡ് എന്നീ രാജ്യങ്ങൾ ഹമാസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് അറിയിച്ചു.

യു.എസ് പദ്ധതിയിലെ എക്സ്ചേഞ്ച് ഫോർമുല അനുസരിച്ച് എല്ലാ ബന്ധികളെയും വിട്ടയക്കാമെന്നും പദ്ധതിയിലെ നിരവധി കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തുമെന്നും ഹമാസ് പറഞ്ഞു.

ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്നും ഗസയിലെ ബോംബാക്രമണം ഇസ്രഈൽ അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

സമാധാനകരാറിനോടുള്ള സമ്മതത്തെയും ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ തീരുമാനത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഗസയിലെ ചർച്ചകളിൽ പ്രധാന രാജ്യമായ ഖത്തർ പറഞ്ഞു.

‘ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കണം. ഫലസ്തീനികളുടെ രക്ത ചൊരിച്ചൽ അവസാനിപ്പിക്കണം. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾക്ക് ഞങ്ങളും പിന്തുണ അറിയിക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി എക്‌സിൽ പറഞ്ഞു.

ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു.

‘ഗസയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും മാനുഷിക സഹായം തടസമില്ലാതെ എത്തിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും ഹമാസിന്റെ പ്രതികരണം സഹായിക്കും,’ തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾക്കും തുർക്കി ആഹ്വാനം ചെയ്തു.

ഇതൊരു പോസിറ്റീവായ തീരുമാനമാണെന്നും ഫലവും പോസിറ്റീവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കണമെന്നും അതിനായി അറബ് രാഷ്ട്രങ്ങൾ, യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി സഹകരിക്കുന്നുവെന്നും ഈജിപ്ത് കൂട്ടിച്ചേർത്തു.

ഗസയിലെ ദാരുണമായ സംഘർഷത്തെ അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും ഈ അവസരത്തെ പ്രയോജനപ്പെടുത്തണമെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, മാനുഷിക സഹായം തടസ്സങ്ങളില്ലാതെ എത്തിക്കൽ എന്നിവയ്ക്കുള്ള ആഹ്വാനങ്ങളും അദ്ദേഹം അറിയിച്ചു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഹമാസിന്റെ തീരുമാനം ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞു. മുമ്പത്തേക്കാളും സമാധാനത്തിലേക്കാണ് ട്രംപിന്റെ ഈ ശ്രമങ്ങളെന്നും അതിനെ ശക്തമായി പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനും, ബന്ദികളെ മോചിപ്പിക്കാനും, മാനുഷിക സഹായം എത്തിക്കാനും ഇപ്പോൾ അവസരമുണ്ടെന്നും സ്റ്റാമർ കൂട്ടിച്ചേർത്തു.

ഇസ്രഈലികൾക്കും ഫലസ്തീനികൾക്കും സുസ്ഥിരമായ സമാധാനത്തിനായി പ്രവർത്തിക്കാനും കൂടുതൽ ചർച്ചകളെ പിന്തുണയ്ക്കാനും യു.കെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കാലതാമസമില്ലാതെ കരാർ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയിലെ സമാധാന ശ്രമങ്ങൾക്ക് അനുസൃതമായി എല്ലാ അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പവും ഫ്രാൻസും പൂർണ്ണ പങ്ക് വഹിക്കുന്നെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അടിയന്തര വെടിനിർത്തലിന്റെയും മാനുഷിക സഹായത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗസ ജനങ്ങൾ സമാധാനത്തിന്റെയും ബന്ദികൾ മോചനത്തിന്റെയും അടുത്തതാണെന്ന് ജർമ്മൻ ചാൻസലർ ഫെഡെറിക് മെർസ് പറഞ്ഞു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും പൂർണ പിന്തുണയറിയിച്ചു. ഗസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അതിനായി ഇറ്റലി പിന്തുണയ്ക്കുന്നുവെന്നും മെലോണി കൂട്ടിച്ചേർത്തു.

ഹമാസിന്റെ പ്രതികരണം ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. ഉടനടിയുള്ള വെടിനിർത്തലിനും ഗസയിലേക്കുള്ള സഹായത്തിനും വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Gaza peace deal: World countries welcome Hamas’ decision