ടെല്‍ അവീവ്: ഗസാ സമാധാന ബോര്‍ഡിലേക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച വ്യക്തികളുടെ ലിസ്റ്റില്‍ അതൃപ്തി അറിയിച്ച് ഇസ്രഈല്‍. ഗസ എക്‌സിക്യൂട്ടീവ് സമിതിയെ ഇസ്രഈലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും നിലവിലെ സമിതി ഇസ്രഈല്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ടെല്‍ അവീവ് പറയുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വിദേശകാര്യ സെക്രട്ടറി ഉടന്‍ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശവുമുണ്ട്. കൂടുതല്‍ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് ഇസ്രഈല്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
ഗസ സമാധാന ബോര്‍ഡിലേക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയുമാണ് ട്രംപ് നിര്‍ദേശിച്ചത്. ബോര്‍ഡിന്റെ സ്ഥാപക അംഗങ്ങളായാണ് ഇരുവരെയും യു.എസ് നാമനിര്‍ദേശം ചെയ്തത്.
ട്രംപിന്റെ പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിന്റെ മരുമകനും വ്യവസായിയുമായ ജെറെഡ് കുഷ്‌നറും സമിതിയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായിരിക്കും. ട്രംപ് തന്നെയാണ് സമിതിയുടെ ചെയര്‍മാന്‍.
അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് സി.ഇ.ഒ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.
ഖത്തറില്‍ നിന്നുള്ള ഒരു നയതന്ത്രജ്ഞനും ഈജിപ്തില്‍ നിന്നുള്ള ഒരു ഇന്റലിജന്‍സ് മേധാവിയും സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും ഗസയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചിരുന്നു. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഒരു കാബിനറ്റ് മന്ത്രിയും തുര്‍ക്കി വിദേശകാര്യ മന്ത്രിയും സമിതിയില്‍ അംഗങ്ങളാകും.
പ്രസ്തുത സമിതിയില്‍ ഇസ്രഈലികളായ ആരും തന്നെ ഇല്ലെന്നതെന്ന് നെതന്യാഹുവിന്റെ ചൊടിപ്പിച്ചുവെന്നാണ് നിഗമനം.
നെതന്യാഹു അതൃപ്തി അറിയിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. യുദ്ധത്തിലേക്ക് മടങ്ങാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Gaza Peace Board; Israel opposes Trump’s nominees