ഗസ: ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളും സന്നദ്ധപ്രവർത്തകരുമായി പോവുകയായിരുന്ന കപ്പലിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മാൾട്ടയ്ക്ക് സമീപമാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നിൽ ഇസ്രഈൽ ആണെന്ന് സന്നദ്ധപ്രവർത്തകർ ആരോപിച്ചു. അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല കോയലിഷനാണ് ആരോപണം ഉന്നയിച്ചത്.
‘മാൾട്ടീസ് സമയം 00:23 ന്, ഫ്രീഡം ഫ്ലോട്ടില്ല സഖ്യ കപ്പലായ കോൺസൈൻസ് ആക്രമിക്കപ്പെട്ടു. ഒരു നിരായുധ സിവിലിയൻ കപ്പലിന് നേരെ സായുധ ഡ്രോണുകൾ രണ്ടുതവണ ആക്രമണം നടത്തി. ഇത് തീപിടുത്തത്തിനും കപ്പലിന്റെ ഉൾഭാഗത്ത് കാര്യമായ വിള്ളലിനും കാരണമായി,’ ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ പറഞ്ഞു.
ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കപ്പലിൽ തീപിടുത്തവും സ്ഫോടനങ്ങളും കാണാം.
സമീപത്തുള്ള ബോട്ട് അഗ്നിശമന പ്രവർത്തനങ്ങൾക്ക് സഹായിച്ചതിനാൽ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാനായെന്ന് മാൾട്ടീസ് സർക്കാർ പറഞ്ഞു. എന്നാൽ കപ്പൽ ഇപ്പോഴും അപകടത്തിലാണെന്ന് സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രെറ്റ തുൻബെർഗ് പറഞ്ഞു.
ഗസയിൽ നടക്കുന്ന ഉപരോധവും അന്താരാഷ്ട്ര ജലാതിർത്തിയിൽ സിവിലിയൻ കപ്പലിന് നേരെ നടന്ന ബോംബാക്രമണവും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഇസ്രഈൽ അംബാസഡർമാരെ വിളിച്ചുവരുത്തി മറുപടി പറയിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
12 ജീവനക്കാരും നാല് സാധാരണക്കാരും ഉൾപ്പെട്ട ഒരു കപ്പലിൽ നിന്ന് തീപിടുത്തം റിപ്പോർട്ട് ചെയ്തുകൊണ്ട് അധികാരികൾക്ക് മെയ്ഡേ കോൾ ലഭിച്ചെന്നും ഉടൻ തന്നെ സമീപത്തുള്ള ഒരു ടഗ് ബോട്ട് സംഭവസ്ഥലത്തേക്ക് പോയി അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും മൾട്ടീസ് സർക്കാർ പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം, കപ്പലും അതിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് മൾട്ടീസ് സർക്കാർ പറഞ്ഞു. കപ്പലിൽ കയറാൻ ജീവനക്കാർ വിസമ്മതിച്ചുവെന്നും മൾട്ടീസ് സർക്കാർ ആരോപിച്ചു. എന്നാൽ . എന്നാൽ ഫ്രീഡം ഫ്ലോട്ടില്ല അവരുടെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയിൽ ആക്രമണത്തിൽ കപ്പലിന് കാര്യമായ തകരാർ ഉണ്ടായെന്ന് പറഞ്ഞു.
‘ഡ്രോൺ ആക്രമണം കപ്പലിന്റെ ജനറേറ്ററിനെ മനഃപൂർവ്വം ലക്ഷ്യം വച്ചുള്ളതാണെന്ന് തോന്നുന്നു. ആക്രമണത്തിന് പിന്നാലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. കപ്പൽ മുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്,’ സംഘടന പറഞ്ഞു. മാൾട്ടീസ് സർക്കാർ പറഞ്ഞതുപോലെ 16 പേരല്ല, 30 പേരായിരുന്നു കപ്പലിലുണ്ടായിരുന്നതെന്നും എൻ.ജി.ഒ പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രഈലിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇസ്രഈൽ ഗസയിൽ യുദ്ധം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇസ്രഈൽ ആക്രമണത്തിൽ 52,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
പിന്നീട് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രഈൽ അത് ലംഘിച്ചു. ഇപ്പോൾ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടഞ്ഞുവെക്കുകയാണ് ഇസ്രഈൽ.
Content Highlight: Gaza humanitarian aid ship bombed by drones in waters off Malta