ജെറുസലേം: ഇസ്രഈല്‍ ആക്രമണത്തില്‍ ഒമ്പത് മക്കളെ നഷ്ടപ്പെട്ട ഗസയിലെ ഡോക്ടറുടെ പങ്കാളിയും മരണപ്പെട്ടു. നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അല്‍-തഹ്രിര്‍ ആശുപത്രിയിലെ ഡോക്ടര്‍ അലാ അല്‍ നജ്ജാറിനാണ് തന്റെ മക്കളെയും പങ്കാളിയെയും നഷ്ടപ്പെട്ടത്.
മെയ് 23ന് നടന്ന ഇസ്രഈല്‍ വ്യോമാക്രമണത്തിലാണ് ഒമ്പത് കുട്ടികളും മരിച്ചത്. ഇതേ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അലയുടെ പങ്കാളി ഹംദി അല്‍ നജ്ജാര്‍ മരണപ്പെട്ടുവെന്ന് ദി ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് ഹംദിയുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഹംദിയുടെ തലച്ചോറിന് ക്ഷതം സംഭവിച്ചതായും വാരിയെല്ലുകൾ ഒടിഞ്ഞതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അലയുടെ പത്താമത്തെ കുഞ്ഞായ ആദം അല്‍ നജ്ജാര്‍ നിലവില്‍ ആശുപത്രിയില്‍ തുടരുകയാണ്. ആദമിനെ ഇറ്റലിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹംദി മരണപ്പെട്ടത്.
ഖാന്‍ യൂനുസിലെ കുടുംബവീട്ടില്‍ നടന്ന ആക്രമണത്തിലാണ് അലയുടെ ഒമ്പത് മക്കളും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു.
രണ്ട് വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴാണ് തന്റെ കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന വിവരം അല അല്‍ നജ്ജാര്‍ തിരിച്ചറിയുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ മുതലുള്ള ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 54,418 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 124,190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം ഗസയില്‍ സൈനികനടപടിയുമായി മുന്നേറാന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിർദേശം നല്‍കി. ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ശക്തമാക്കുന്നതിനിടെയാണ് ഇസ്രഈലിന്റെ നീക്കം.
Content Highlight: Gaza doctor who lost nine children in Israeli airstrike dies from wounds in same attack