ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ
World News
ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 5:23 pm

ഗസ: ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ. ഗസയിലെ ഖാൻ യൂനിസിലുള്ള ഡോക്ടറുടെ വീട്ടിൽ ഉണ്ടായ ഇസ്രഈൽ ആക്രമണത്തിലാണ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത്.

നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ-തഹ്‌രിർ ആശുപത്രിയിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റായ ഡോ. അലാ അൽ-നജ്ജാറിന് മുന്നിലാണ് സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ എത്തിയത്. ഇന്നലെ (വെള്ളിയാഴ്ച) ഗസയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈലി ആക്രമണങ്ങളിൽ ഇരകളായവരെ ചികിത്സിക്കുന്നതിനിടയിലായിരുന്നു സ്വന്തം കുട്ടികളുടെയും ഭർത്താവിന്റെയും ശരീരം ആശുപത്രിയിൽ കൊണ്ടുവന്നത്.

മൂത്ത കുട്ടിക്ക് 12 വയസും ഇളയ കുട്ടിക്ക് ആറ് മാസം മാത്രം പ്രായവുമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് ബോംബാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആക്രമണമുണ്ടാകുന്നതിന് തൊട്ടുമുമ്പായിരുന്നു ഡോ. അലാ തന്റെ ഭർത്താവ് ഹംദി അൽ-നജ്ജാറിനൊപ്പം ജോലിസ്ഥലത്തേക്ക് പോയത്. ഡോക്ടറെ ആശുപത്രിയിൽ ആക്കിയ ശേഷം പങ്കാളി വീട്ടിലേക്ക് മടങ്ങി.

പിന്നാലെ തെക്കൻ ഖാൻ യൂനിസിലെ ക്വിസാൻ അൽ-നജ്ജാർ പ്രദേശത്തുള്ള അവരുടെ വീട്ടിൽ ഇസ്രഈലി ബോംബാക്രമണം ഉണ്ടായി. ആക്രമണത്തിൽ അവരുടെ 10 കുട്ടികളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും പത്താമത്തെയാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഹംദി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഫലസ്തീൻ സിവിൽ ഡിഫൻസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ, ഇവരുടെ വീടിന് തീ പിടിച്ചുകൊണ്ടിരിക്കെ, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് കാണാം.

ഏഴ് മൃതദേഹങ്ങളായിരുന്നു ആദ്യം കണ്ടെടുത്ത്. ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മറ്റ് രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു, പിന്നീട് അവരെയും പുറത്തെടുത്തു.

യഹ്‌യ, റകാൻ, റുസ്‌ലാൻ, ജുബ്രാൻ, ഈവ്, രേവാൻ, സെയ്ദൻ, ലുഖ്മാൻ, സിദ്ര എന്നിവരാണ് മരിച്ചത്. ആറ് മാസം മുമ്പ് തന്റെ ഇളയ കുഞ്ഞിന് ജന്മം നൽകിയ ഡോ. അലാ നിരന്തരമായി ഗസയിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്കും മെഡിക്കൽ സ്റ്റാഫുകളുടെ കടുത്ത ക്ഷാമത്തിനും പിന്നാലെ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

 

Content Highlight: Gaza doctor receives charred bodies of her nine children while on duty