ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം; ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ആവർത്തിച്ച് മാർപാപ്പ
Israel–Palestinian conflict
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം; ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ആവർത്തിച്ച് മാർപാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2025, 8:12 am

ഇസ്താംബുൾ: ഇസ്രഈൽ- ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ നിലപാട് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇരുവിഭാഗത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു വഴി അതാണെന്നും മാർപാപ്പ പറഞ്ഞു.

ഇസ്രഈലിനും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ ദീർഘകാലമായുള്ള നിലപാടാണിതെന്ന് ആദ്യ അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി തുർക്കിയിൽ നിന്നും ലെബനനിലേക്കുള്ള യാത്രാമധ്യേ മാർപാപ്പ പറഞ്ഞു.

കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങൾ ഉൾപ്പെടുത്തി ഒരു ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് കാലങ്ങളായി നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാനുള്ള ഏക മാർഗമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘർഷഭരിതമായ ജീവിതത്തിന് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു പരിഹാരമാണിതെന്നും എന്നാൽ ഇസ്രഈൽ ഈ പരിഹാരമിപ്പോൾ അംഗീകരിക്കില്ലെന്ന് തങ്ങൾക്ക് അറിയാമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ഇസ്രഈലുമായി തങ്ങൾക്ക് നല്ല സൗഹൃദമാണെന്നും ഇരുകക്ഷികൾക്കിടയിലും മധ്യസ്ഥ ശബ്ദമാകാനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈൽ ഫലസ്തീൻ, റഷ്യ ഉക്രൈൻ സംഘർഷങ്ങളെ കുറിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തിയെന്നും രണ്ട് സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിൽ തുർക്കി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

Content Highlight: Gaza conflict: Pope reiterates need for two-state solution