സിനിമയില്‍ അവസരം കിട്ടാന്‍ കഴിവ് മാത്രം പോര, പല സിനിമകളില്‍ നിന്നും എന്നെ റിജക്ട് ചെയ്തിട്ടുണ്ട്: ഗായത്രി ശങ്കര്‍
Entertainment news
സിനിമയില്‍ അവസരം കിട്ടാന്‍ കഴിവ് മാത്രം പോര, പല സിനിമകളില്‍ നിന്നും എന്നെ റിജക്ട് ചെയ്തിട്ടുണ്ട്: ഗായത്രി ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 9:06 am

ന്നാ, താന്‍ കേസ് കൊട് എന്ന രതീഷ് പൊതുവാള്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി ശങ്കര്‍. തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ വിജയിക്കാന്‍ കഴിവുണ്ടായാല്‍ മാത്രം പോരെന്ന് പറയുകയാണ് നടി. നിരവധി സിനിമകളില്‍ നിന്നും തന്നെ റിജക്ട് ചെയ്തിട്ടുണ്ടെന്നും ഓരോ സിനിമ ചെയ്യുമ്പോഴും ഇത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് കരുതാറുണ്ടെന്നും എന്നാല്‍ നേരെ തിരിച്ചാണ് സംഭവിക്കുകയെന്നും കൗമുദി മൂവിസിനോട് ഗായത്രി പറഞ്ഞു.

”സാധാരണ പഠിച്ചാല്‍ നമുക്ക് നല്ല മാര്‍ക്ക് കിട്ടും. അതായത് കഴിവുണ്ടെങ്കില്‍ നല്ല അവസരം കിട്ടുമെന്നാണ് പറയുക. പക്ഷേ സിനിമയില്‍ അങ്ങനെയല്ല, കഴിവുണ്ടായാലും നമുക്ക് സക്‌സസ് ഉണ്ടാകണമെന്നില്ല. അതായത് കഴിവുണ്ടായാലും നല്ല മൂവിയും പെസയും കിട്ടണമെന്നില്ല.

ഇത് മനസിലാക്കി മുന്നോട്ട് പോവാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. ഭാഗ്യം എന്ന് പറയുന്നത് സിനിമയില്‍ വലിയൊരു പാര്‍ട്ടാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നമ്മള്‍ വിചാരിക്കും ഓഡിയന്‍സിന് ഇഷ്ടമാകും അവര്‍ സ്വീകരിക്കുമെന്നൊക്കെ എന്നാല്‍ അതായിരിക്കണമെന്നില്ല റിസള്‍ട്ട്. ആ സമയത്താണ് എന്താണ് ഓഡിയന്‍സിന് വേണ്ടതെന്ന് ആലോചിച്ച് നമ്മള്‍ കണ്‍ഫ്യൂസ്ഡ് ആകുക.

ഞാന്‍ മനസിലാക്കിയ കാര്യം എന്തെന്നാല്‍, പരാജയം ഉണ്ടാകും അതില്‍ വിഷമിക്കാതെ മുന്നോട്ട് പോകണം. നമ്മള്‍ എത്ര ഓഡീഷന് പോകുന്നു. അതിലൊക്കെ എത്ര തവണ റിജക്ട് ആകുന്നു. ആക്ടേര്‍സിന്റെ ജീവിതത്തില്‍ ആയിരിക്കും കൂടുതല്‍ റിജക്ഷന്‍ ഉണ്ടായിട്ടുണ്ടാകുക.

എല്ലാ ഓഡീഷന് പോകുമ്പോഴും വിചാരിക്കും അവര്‍ സെലക്ട് ചെയ്യുമായിരിക്കുമെന്ന്. പക്ഷേ നേരെ തിരിച്ചായിരിക്കും. ആ രീതിയില്‍ പല സിനിമകളില്‍ നിന്നും എന്നെ റിജക്ട് ചെയ്തിട്ടുണ്ട്. എനിക്ക് ടാലന്റ് ഉണ്ട്. ഞാന്‍ അത് കൂടുതല്‍ നന്നാക്കുക, വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക. ഇത് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു.

നമ്മള്‍ നമ്മളെ തന്നെ മോട്ടിവേറ്റ് ചെയ്യുക. ഒരു സമയം എത്തുമ്പോള്‍ ശരിയാകും. നമ്മള്‍ ഇവിടെ കുറേ കാലമായിട്ടുണ്ടാകും പക്ഷേ ചിലപ്പോള്‍ പുതുതായി ഈ ഫീല്‍ഡില്‍ എത്തുന്നവര്‍ വിജയിക്കുന്നത് കാണും അതെല്ലാം ഭാഗ്യമാണ്,” ഗായത്രി ശങ്കര്‍ പറഞ്ഞു.

content highlight: gayathrie  shankar , Talent alone was not enough to get me an opportunity in films, I was rejected from many films