മമ്മൂക്കയുടെ നായികയാവേണ്ട സിനിമ മുടങ്ങി; മറക്കാതെ കളങ്കാവലിലേക്ക് വിളിച്ചു: ഗായത്രി അരുണ്‍
Malayalam Cinema
മമ്മൂക്കയുടെ നായികയാവേണ്ട സിനിമ മുടങ്ങി; മറക്കാതെ കളങ്കാവലിലേക്ക് വിളിച്ചു: ഗായത്രി അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th December 2025, 6:35 pm

മമ്മൂട്ടി നായകനായ കളങ്കാവലില്‍ പ്രധാനവേഷത്തിലെത്തി മികച്ച പ്രകടനം കാഴ്ച്ചവച്ച നടിയാണ് ഗായത്രി അരുണ്‍. കളങ്കാവലിലേക്ക് എത്തുന്നതിന് മുമ്പ് മമ്മൂട്ടിക്കൊപ്പം തന്നെ അഭിനയിക്കാനുള്ള അവസരം നഷ്ടമായെന്നും നായികയായിട്ടായിരുന്നു ആ വേഷമെന്നും പറയുകയാണ് താരം. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഗായത്രി. Photo: screen grab/ movie world media/ youtube.com

‘കളങ്കാവലിന് മുമ്പ് മമ്മൂക്കയുടെ മറ്റൊരു ചിത്രത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ ചിത്രത്തില്‍ ആ ക്യാരക്ടറിന് റെലവെന്‍സില്ലെന്ന് പറഞ്ഞ് എന്റെ കഥാപാത്രം ഒഴിവാക്കി. ഏകദേശം എല്ലാം പൂര്‍ത്തിയായി അവസാന ഘട്ടത്തില്‍ എത്തിയ അവസരത്തിലായിരുന്നു ചിത്രത്തില്‍ നിന്നും മാറ്റിയത്. അത് മമ്മൂട്ടിക്കമ്പനിയുടെ തന്നെ പ്രൊജക്ടായിരുന്നു. പിന്നീട് ഇതിലേക്കാണ് എന്നെ വിളിക്കുന്നത്.

ഇരുപതിലധികം നായികമാരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും അവരുടെതായ പ്രാധാന്യം ചിത്രത്തിലുണ്ട്. വീണ്ടും മമ്മൂട്ടി കമ്പനി എന്നെ മറക്കാതെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ സന്തോഷം തോന്നി. വണ്‍ എന്ന മമ്മൂക്ക ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ അതിലെ സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു, ഞാന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്ന്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ ഗായത്രി പറഞ്ഞു.

ഗായത്രി. Photo: kalamkaaval/ trailer/ screengrab

കളങ്കാവല്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ ആദ്യം വിളിച്ച് അഭിനന്ദനമറിയിച്ചത് ചിത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നുവെന്നും, നല്ല രീതിയില്‍ തന്നെ മമ്മൂക്കയുമായുള്ള രംഗങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി താരം പറഞ്ഞു. ചെറുതാണെങ്കിലും ചെയ്യുന്ന കഥാപാത്രത്തിന് സിനിമയില്‍ പ്രാധാന്യമുണ്ടോ എന്നതാണ് താന്‍ നോക്കാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കൊടുംകുറ്റവാളിയായ സയനൈഡ് മോഹന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച കളങ്കാവലില്‍ ഷൈനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പരസ്പരം എന്ന മലയാളം സീരിയലിലെ ദീപ്തി ഐ.പി.എസ് ആയി പ്രേക്ഷകശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ ചിത്രം 2017 ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലക്കാരനാണ്.

Content Highlight: gayathri arun talks about her missed movie wuth mammootty