ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐ. പി. എസ് എന്ന കഥാപത്രം ഇന്നും ഓരോ മലയാളിയുടെയും മനസിലുണ്ട്. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ ഗായത്രി വണ്‍ ഉള്‍പ്പെടയുള്ള ചുരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലിലും ഗായത്രി അരുണ്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും സജീവമായ ഗയാത്രി ഇപ്പോള്‍ തന്റെ കുടുംബത്തിന്റെ പിന്തുണയെ കുറിച്ച് മനസ് തുറക്കുകയാണ്. കുട്ടികാലം മുതല്‍ക്കേ എല്ലാ കാര്യങ്ങളും തന്റെ മാതാപിതാക്കള്‍ സപ്പോട്ടീവായിരുന്നുവെന്ന് താരം പറയുന്നു.
‘അച്ഛനെയും അമ്മയെയും കുറിച്ച് പറയുകയാണെങ്കില്‍ കുട്ടിക്കാലം മുതലെ എന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം തന്നെ സഞ്ചരിച്ചവരാണ്. പഠനകാര്യങ്ങളിലാണെങ്കില്‍പ്പോലും എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പമായിരുന്നു അവര്‍ നിന്നത്. ഇത് പഠിക്ക്, അല്ലെങ്കില്‍ ഇങ്ങനെ പഠിക്കണം എന്ന സമ്മര്‍ദ്ദം ഒരിക്കലും അവര്‍ തന്നിട്ടില്ല. എന്നാല്‍ കലാപരമായ കാര്യങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി കൂടെത്തന്നെ നിന്നിട്ടുമുണ്ട്.
അഭിനയിക്കാന്‍ അവസരം വന്നപ്പോഴും തുടര്‍ന്നും എനിക്കൊപ്പം തന്നെ അച്ഛനും അമ്മയും ഭര്‍ത്താവ് അരുണും നിന്നു. എന്റെ സന്തോഷങ്ങള്‍ക്ക് കാരണം അവരും കൂടെയാണ്. ബിസിനസ്സാണെങ്കിലും അഭിനയമാണെങ്കിലും പൂര്‍ണ്ണ പിന്തുണയുമായി അരുണ്‍ കൂടെയുണ്ട്. വളരെ പോസിറ്റീവായ ആളാണ് അദ്ദേഹം. ജീവിതത്തില്‍ പരസ്പരം ബഹുമാനം നല്‍കിയുള്ള ഒരു സ്‌പേസാണ് ഞങ്ങള്‍ പരസ്പരം നല്‍കുന്നത്,’ ഗായത്രി അരുണ്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ബണ്ടില്‍ ഓഫ് ജോയ് മകള്‍ കല്യാണിയാണെന്നും കല്ലു ഇപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞുനില്‍ക്കുന്നുവെന്നും ഗായത്രി പറഞ്ഞു. ഓരോ മിനിട്ടും ഓടി നടക്കേണ്ടതായ ഒരുപാട് തിരക്കുള്ളയാളല്ല താനെന്നും
എന്നാല്‍ ഷൂട്ടിംഗ്, യാത്ര, ബിസിനസ് എന്നിങ്ങനെ പലവിധ കാര്യങ്ങള്‍ താന്‍ നന്നായി മാനേജ് ചെയ്യുന്നതിന് കാരണം കുടുംബം തന്നെയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇറങ്ങി ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു കളങ്കാവല്‍. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയായിരുന്നു. ചുരുങ്ങിയ സ്‌ക്രീന്‍ ടൈമാണെങ്കിലും സിനിമയില്‍ ഗായത്രി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Content Highlight: Gayathri Arun says her parents have been fully supportive of her artistic endeavors