പെണ്‍കുട്ടിയുടെ മൃതദേഹം തല വേര്‍പ്പെട്ട നിലയില്‍; ബലാല്‍സംഗത്തിനിരയായതായി ബന്ധുക്കള്‍, ദുരഭിമാനക്കൊലയെന്ന് പൊലീസ്
national news
പെണ്‍കുട്ടിയുടെ മൃതദേഹം തല വേര്‍പ്പെട്ട നിലയില്‍; ബലാല്‍സംഗത്തിനിരയായതായി ബന്ധുക്കള്‍, ദുരഭിമാനക്കൊലയെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 5:53 pm

പട്ന: ബീഹാറിലെ ഗയയില്‍ പതിനാറുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പൊതുജന പ്രക്ഷോഭം. വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, പെണ്‍കുട്ടിയുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.


ഡിസംബര്‍ 28ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതശരീരം വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയില്‍ ജനുവരി ആറിന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ പരാതി നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു.

പൊലീസുകാരുടെ അലംഭാവമാണ് പെണ്‍കുട്ടിയെ ഈ നിലയില്‍ കണ്ടെത്താന്‍ കാരണമെന്നാരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായി നാലുദിവസത്തിനു ശേഷമാണ് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൂടാതെ ഡിസംബര്‍ 31ന് പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിമാരും മൊഴി നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു. അന്ന് രാത്രി ഒരു പരിചയക്കാരനൊപ്പം പെണ്‍കുട്ടിയെ അച്ഛന്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോയ ആളെ പൊലീസ് കസ്റ്റഡിലെടുത്തു. ഇയാളുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ട ഫലം പുറത്തുവരണമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രദേശവാസികള്‍ പൊലീസിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.