2026 ഫിഫ ലോകകപ്പിനായാണ് ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പിന് വിരാമമാകാന്‍ ഇനി 29 ദിവസങ്ങളുടെ ദൂരം മാത്രമാണ്. ജൂണ്‍ 12നാണ് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ ടീമുകള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന് തുടക്കമാവുക.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന കായിക മാമാങ്കത്തില്‍ ആരാവും കപ്പുയര്‍ത്തുക എന്ന ആകാംക്ഷ ഏവരിലുമുണ്ട്. നിലവിലെ ചാമ്പ്യമാരായ അര്‍ജന്റീന കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. മറുവശത്ത് ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നിവരും കിരീടം നേടുമെന്ന് പ്രവചിക്കുന്നു.
ഗാവി. Photo: BarcaUniverse/xcom
ഇപ്പോള്‍ ലോകകപ്പിലെ ഫേവറേറ്റുകള്‍ ആരെന്ന് പറയുകയാണ് സ്പാനിഷ് താരവും ബാഴ്സലോണ താരവുമായ ഗാവി. ഡിഫന്‍ഡിങ് ചാമ്പ്യമാരായ അര്‍ജന്റീന തന്നെയാണ് കപ്പുയര്‍ത്താന്‍ സാധ്യതയെന്ന് താരം പറഞ്ഞു.
ലയണല്‍ മെസി കളിക്കുന്ന കാലത്തോളം അര്‍ജന്റീന തന്നെയായിരിക്കും ലോകത്തിലെ മികച്ച ടീമെന്നും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. ഡിസ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഗാവി. തന്റെ ടീമായ സ്‌പെയിനിനെ പിന്തള്ളിയാണ് താരം അര്‍ജന്റീനയെ തെരഞ്ഞെടുത്തതെന്നാണ് ശ്രദ്ധേയം.
‘അര്‍ജന്റീനയാണ് ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം. കാരണം അവരാണ് നിലവിലെ ചാമ്പ്യന്മാര്‍. ലിയോ (ലയണല്‍) മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം കളിക്കുന്ന കാലത്തോളം അര്‍ജന്റീനയായിരിക്കും ഏറ്റവും മികച്ച ടീം,’ ഗാവി പറഞ്ഞു.
2022 ലോകകപ്പുമായി അർജന്റീന ടീം.
ജൂണ്‍ 12 മുതല്‍ ജൂലൈ 11 വരെയാണ് 2026 ഫിഫ ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ജെ-യിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. ജൂണ്‍ 11നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. അള്‍ജീരിയാനാണ് എതിരാളികള്‍.