അവന് കൂടുതല്‍ മത്സരങ്ങളില്‍ അവസരം നല്‍കും: ഉറപ്പുമായി ഗംഭീര്‍
Cricket
അവന് കൂടുതല്‍ മത്സരങ്ങളില്‍ അവസരം നല്‍കും: ഉറപ്പുമായി ഗംഭീര്‍
Sudev A
Friday, 5th June 2026, 1:16 pm

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തിന് നാളെയാണ് തുടക്കമാവുന്നത്. പഞ്ചാബിലെ മുല്ലാന്‍പൂരിലാണ് മത്സരം നടക്കുന്നത്. ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി യുവതാരം സായ് സുദര്‍ശനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.

സായ്ക്ക് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് താരത്തിന് ഇനിയും കൂടുതല്‍ മത്സരങ്ങളില്‍ അവസരം നല്‍കുമെന്നാണ് ഗംഭീര്‍ പറഞ്ഞത്. നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു താരത്തെയും വിലയിരുത്തരുതെന്നും ഗംഭീര്‍ വ്യക്തമാക്കി.

‘സായ് സുദര്‍ശന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അവന്‍ ഇംഗ്ലണ്ടിലാണ് കൂടുതല്‍ കളിച്ചത്. അതിനാല്‍ അവന് കൂടുതല്‍ അവസരം നല്‍കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 11 താരങ്ങളെ മാത്രമേ ഞങ്ങള്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഈ ഐ.പി.എല്ലില്‍ അവന്‍ 700 റണ്‍സ് നേടിയിട്ടുണ്ട്. വെറും നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ സായ് സുദര്‍ശനെ വിലയിരുത്തുകയാണെങ്കില്‍ ഒരു താരത്തെയും ശരിയായി വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല,’ ഗൗതം ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സായ് സുദർശൻ

ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മിന്നും പ്രകടനമാണ് സായ് നടത്തിയത്. 17 മത്സരങ്ങളില്‍ നിന്നും 722 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും സായ് ഈ സീസണില്‍ സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് താരം സെഞ്ച്വറി നേടിയത്. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്.

മൂന്നാം സെഞ്ച്വറിയിലൂടെ ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാനാവാത്ത നേട്ടത്തിലേക്കും സായ് നടന്നുകയറിരുന്നു. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് സായ് മാറിയത്. 2024, 2025 ലും സെഞ്ച്വറി നേടിയ സായ് ഈ വര്‍ഷം തന്റെ ഹാട്രിക് സെഞ്ച്വറിയും സ്വന്തമാക്കി.

ടെസ്റ്റില്‍ ഇന്ത്യക്കായി ആറ് മത്സരങ്ങളില്‍ 11 ഇന്നിങ്സുകളില്‍ 302 റണ്‍സാണ് സായ് നേടിയിട്ടുള്ളത്. രണ്ട് ഫിഫ്റ്റിയും താരം സ്വന്തമാക്കി.

അതേസമയം വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെ കളത്തിലിറങ്ങുന്നത്. അഫ്ഗാനെതിരെയുള്ള ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്തിരുന്നു. കെ.എല്‍ രാഹുലാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍. യുവതാരം മാനവ് സുത്താര്‍ ടീമില്‍ ഇടം നേടി.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.

 

Content Highlight: Gautham Gambhir talks about Sai Sudarshan chances in Indian cricket team

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.