എന്താണ് ഗംഭീറെ ഇതൊക്കെ... ലോകകപ്പ് അടുത്ത സമയത്ത് വേണോ ഈ അഗ്നിപരീക്ഷ
Cricket
എന്താണ് ഗംഭീറെ ഇതൊക്കെ... ലോകകപ്പ് അടുത്ത സമയത്ത് വേണോ ഈ അഗ്നിപരീക്ഷ
ശ്രീരാഗ് പാറക്കല്‍
Saturday, 1st November 2025, 12:01 pm
2025 ഏഷ്യാ കപ്പില്‍ കിരീടം നേടിയെങ്കിലും ഇന്ത്യയുടെ ടി-20 ടീമിന്റെ ഇപ്പോഴത്തെ അവസ്ത ഏതൊരു ക്രിക്കറ്റ് ആരാധകനെയും ആശങ്കയിലാഴ്ത്തുന്നതാണ്. ലോകകപ്പിന് വെറും നാല് മാസമുള്ളപ്പോള്‍ ടീമിന്റെ അടിമുതല്‍ മുടിവരെ പരീക്ഷണ വിധേയമാക്കുന്നതാണ് ഇപ്പോഴത്തെ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നത്. ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റനായും ഓപ്പണറായും ശുഭ്മന്‍ ഗില്ലിനെ തെരഞ്ഞടുത്തതുമുതലാണ് ഇതിന്റെയെല്ലാം തുടക്കം.

2026 ടി-20 ലോകകപ്പ് അടുത്തെത്തിക്കഴിഞ്ഞു, ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമാണ് നിലനില്‍ക്കുന്നത്. ഭയമെന്താണെന്ന് അറിയാതെ ഏത് എതിരാളികളെയും അനായാസം തല്ലിത്തകര്‍ക്കാന്‍ ദൃഢനിശ്ചയമെടുത്ത ഒരു ടീം ഇന്ന് ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ പോലെയാണ് മുന്നോട്ട് പോകുന്നത്.

2025 ഏഷ്യാ കപ്പില്‍ കിരീടം നേടിയെങ്കിലും ഇന്ത്യയുടെ ടി-20 ടീമിന്റെ ഇപ്പോഴത്തെ അവസ്ത ഏതൊരു ക്രിക്കറ്റ് ആരാധകനെയും ആശങ്കയിലാഴ്ത്തുന്നതാണ്. ലോകകപ്പിന് വെറും നാല് മാസമുള്ളപ്പോള്‍ ടീമിന്റെ അടിമുതല്‍ മുടിവരെ പരീക്ഷണ വിധേയമാക്കുന്നതാണ് ഇപ്പോഴത്തെ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നത്. ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റനായും ഓപ്പണറായും ശുഭ്മന്‍ ഗില്ലിനെ തെരഞ്ഞടുത്തതുമുതലാണ് ഇതിന്റെയെല്ലാം തുടക്കം.

Shubhman Gill

ഏഷ്യാ കപ്പിലേക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ അതുവരെ ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണിനെ മധ്യനിരയിലേക്ക് തള്ളിവിട്ടത് മുതല്‍ ഒരുപാടുണ്ട് പരീക്ഷണങ്ങള്‍. കപ്പില്ലാതെയും ഇന്ത്യ തങ്ങളുടെ ഡോമിനന്‍സ് ആഘോഷിച്ചെങ്കിലും ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയെ അഗ്നി പരീക്ഷയ്ക്ക് വിധേയമാക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍.

ടോപ് ഓര്‍ഡര്‍ മുതല്‍ ടെയ്ല്‍ എന്‍ഡ് വരെയുള്ള സ്ഥാനങ്ങളില്‍ തോന്നിയത് പോലെ താരങ്ങളെ കളത്തിലേക്ക് ഇറക്കിവിടുകയും മികച്ച സ്റ്റാറ്റ്‌സുള്ള താരങ്ങളെ പുറത്ത് നിര്‍ത്തുകയും ചെയ്യുന്ന ‘ഗംഭീര്‍ മാജിക്കിന്റെ’ ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ സ്ഥിരതയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുന്ന രീതിയൊന്നും ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ ഇല്ലെന്ന് ആര്‍ക്കും മനസിലാകും!

ഓപ്പണിങ് പൊസിഷനില്‍ അഭിഷേക് ശര്‍മ തന്റെ റോള്‍ കൃത്യമായി ഏറ്റെടുത്തെങ്കിലും ഗില്ലിന്റെ പ്രകടനം ഒരു ചോദ്യ ചിഹ്നം തന്നെയാണ്. ഓപ്പണര്‍ എന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ ഒമ്പത് ഇന്നിങ്സില്‍ നിന്ന് 21 ആവറേജില്‍ 148.25 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 169 റണ്‍സ് നേടിയത്. അതേസമയം ഓപ്പണിങ്ങില്‍ നിന്ന് പിന്തള്ളപ്പെട്ട സഞ്ജു മധ്യ നിരയില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 26.80 എന്ന ആവറേജിലും 121.82 എന്ന സ്ട്രൈക്ക് റേറ്റിലും 134 റണ്‍സ് സഞ്ജു നേടി.

കൂടാതെ ബാറ്റിങ് ഓര്‍ഡറില്‍ നാലാമനായി ഇറങ്ങിക്കൊണ്ടിരുന്ന തിലക് വര്‍മയ്ക്ക് ഒരു സ്ഥിരം പൊസിഷന്‍ പോലുമില്ല! മാത്രമല്ല ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങിനെ പ്രധാന മത്സരങ്ങള്‍ക്കൊന്നും പരിഗണിക്കാത്തത് എന്തിന്റെ പേരിലാണെന്ന് മനസിലാകുന്നില്ല. 65 മത്സരങ്ങളില്‍ 101 വിക്കറ്റുകളാണ് അര്‍ഷ്ദീപിന്റെ അക്കൗണ്ടിലുള്ളത്.

ഏഷ്യാ കപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അര്‍ഷ്ദീപിന് അവസരം നല്‍കിയത്. ഇപ്പോള്‍ ഓസീസ് പര്യടനത്തിലും താരത്തോടുള്ള അവഗണന വ്യക്തമാണ്. മാത്രമല്ല യശസ്വി ജെയ്‌സ്വാളും ഓപ്പണിങ്ങില്‍ തഴയപ്പെട്ട നിലയിലാണ്. ഫോര്‍മാറ്റില്‍ 22 ഇന്നിങ്‌സില്‍ 36.1 ആവറേജില്‍ 723 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ 164.3 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിട്ടുണ്ട്.

ശിവം ദുബെയെ ലോവര്‍ ഓര്‍ഡറിലേക്ക് മാറ്റുകയും ഹര്‍ഷിത് റാണയ്ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന ടീം മാനേജ്‌മെന്റ് എന്തിനാണ് ശ്രമിക്കുന്നതെന്ന് ഒരു പിടിയുമില്ല. ഇതിനെല്ലാം പുറമെ ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചതിലും ആശങ്ക ചെറുതല്ല.

ആര് എപ്പോള്‍ എവിടെ കളിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത ഒരു ബാറ്റിങ് ഓര്‍ഡര്‍ കളത്തിലിറങ്ങുന്ന താരങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ട ആവശ്യകതയും ഇവിടെയുണ്ട്. സ്ഥാനങ്ങള്‍ അസ്ഥിരമാകുമ്പോള്‍ താരങ്ങളുടെ മാനസിക നില കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുമെന്നത് പറയാതെ വയ്യ. ഇതിനെല്ലാം പുറമെ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്ത് പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലോ എന്ന ഭയവും ഉണ്ടാകാതിരിക്കില്ല.

വിജയകരമായ ഒരു പരിശീലകനാകാന്‍ സാധിച്ചില്ലെങ്കലും തന്റെ ടീം ഭയമില്ലാതെ കളിക്കണമെന്ന് ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞ് ഇത്തിരി കൂടിപ്പോയെ എന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഭയത്തെ പോലും ഭയക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക്. 13ഓളം ടി-20 മത്സരങ്ങളാണ് 2026 ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് കളിക്കാനുള്ളത്.

മുന്നിലുള്ള മത്സരങ്ങളില്‍ സ്ഥിരതയുള്ള ഒരു ടീമും ബാറ്റിങ് ഓര്‍ഡറും ഇന്ത്യക്കില്ലെങ്കില്‍ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ നേടിയ ഡോമിനേഷന്‍ ആവര്‍ത്തിക്കുമോ എന്നത് സംശയമാണ്. അഭിഷേകും ഗില്ലും അടങ്ങുന്നത് മാത്രമല്ല ഇന്ത്യന്‍ നിരയെന്നും അതിന്റെ അറ്റം വരെ പ്രധാനമാണെന്നും പറയേണ്ടതുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയിലെ ആദ്യ തോല്‍വിയും അത്തരത്തില്‍ വായിക്കാവുന്നതാണ്. അഗ്രസീവ് ഫോര്‍മാറ്റില്‍ 200 റണ്‍സിന് മുകളില്‍ നേടിക്കൊണ്ടിരുന്ന ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 125 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. അഭിഷേകും ഹര്‍ഷിതുമൊഴികെ ഒരു താരങ്ങള്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചിരുന്നില്ല. മധ്യ നിരയില്‍ കളിച്ചുകൊണ്ടിരുന്ന സഞ്ജുവിനെ വണ്‍ ഡൗണ്‍ പൊസിഷനില്‍ കൊണ്ടുവന്നതടക്കമുള്ള അപ്രതീക്ഷിത മാറ്റങ്ങളും കളത്തില്‍ കണ്ടിരുന്നു.

ഇതിന് പിറകെ സഞ്ജു സാംസണ്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു.

‘സത്യം പറഞ്ഞാല്‍ ഞാന്‍ പല ടീമുകള്‍ക്കുമായി വ്യത്യസ്തമായ റോളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. വളരെക്കാലമായി ഈ ടീമിന്റെ ഭാഗമാണ് ഞാന്‍, വ്യത്യസ്ത റോളും ചെയ്തിട്ടുണ്ട്. ബാറ്റിങ്ങില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്, മത്സരങ്ങള്‍ ഫിനിഷ് ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ ഞാന്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ഈ ടീമില്‍ ഓപ്പണര്‍മാരുടെ സ്ഥാനത്ത് മാത്രമേ സ്ഥിരതയുള്ളൂ. ബാക്കിയുള്ള ബാറ്റര്‍മാര്‍ ഏത് സമയത്തും ഏത് സാഹചര്യത്തിലും തയ്യാറായിരിക്കണം. ഞങ്ങള്‍ തയ്യാറാണ്,’ സഞ്ജുവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സഞ്ജു പറയാതെ പലകാര്യങ്ങളും പറഞ്ഞെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഇനിയും അറ്റം കാണാത്ത പരീക്ഷണങ്ങള്‍ ഇന്ത്യയെ പടു കുഴിയിലേക്ക് തള്ളിയിടുമോ എന്ന് കണ്ടറിയേണ്ടി വരുമെന്ന് തീര്‍ച്ച, ഓസീസിനെതിരെ വരാനിരിക്കുന്ന മത്സങ്ങളില്‍ ഗൗതം ഗംഭീര്‍ എങ്ങനെയാകും കരുനീക്കുന്നതെന്നും ചോദ്യചിഹ്നമാണ്.

Content Highlight: Gautham Gambhir experiment with Indian batting order ahead of 2026 T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ