'സത്യം വിജയിക്കും'; അദാനി ഗ്രൂപ്പിനെതിരെ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി
national news
'സത്യം വിജയിക്കും'; അദാനി ഗ്രൂപ്പിനെതിരെ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd March 2023, 12:57 pm

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

‘ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ അദാനി ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. ഇത് സമയബന്ധിതമായി അന്തിമ ഫലം പുറത്തുകൊണ്ടുവരും. സത്യം വിജയിക്കും,’ അദാനി ട്വിറ്ററില്‍ കുറിച്ചു.

അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അദാാനി ഗ്രൂപ്പിന്റെ ഓഹരിക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ഒപ്പം ഇന്ത്യന്‍ നിക്ഷേപകരെ സംരക്ഷിക്കാന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ റെഗുലേറ്ററി മെക്കാനിസത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തെകുറിച്ച് പഠിക്കാന്‍ കോടതി വിദഗ്ദ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്‍ ജസ്റ്റിസ് എ.എം. സാപ്രെ അധ്യക്ഷനാകുന്ന സമിതിയില്‍ ആറംഗങ്ങളായിരിക്കും ഉണ്ടാകുക. ഒ.പി. ഭട്ട്, ജസ്റ്റിസ് കെ.പി. ദേവദത്ത്, കെ.വി. കാമത്ത് തുടങ്ങിയവരാകും മറ്റ് അംഗങ്ങള്‍.

Content Highlight: Gautam says truth will prevail amid SC orders probe against adani group