വലിയ സംഭാവന വാര്‍ത്തകളില്‍ ഇടം നേടുന്നു; സഞ്ജുവിനെ പോലെ ദുബെയുടെ പ്രകടനവും പ്രധാനമെന്ന് ഗംഭീര്‍
Cricket
വലിയ സംഭാവന വാര്‍ത്തകളില്‍ ഇടം നേടുന്നു; സഞ്ജുവിനെ പോലെ ദുബെയുടെ പ്രകടനവും പ്രധാനമെന്ന് ഗംഭീര്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd March 2026, 12:19 pm

2026 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിന്റ മികവിലാണ് ഇന്ത്യ വിജയിച്ചത്. പുറത്താകാതെ 97 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ സഞ്ജുവിന്റെ 97 റണ്‍സ് പോലെ അവസാന ഘട്ടത്തില്‍ ശിവം ദുബെ നേടിയ രണ്ട് ഫോറും ഇന്ത്യയുടെ വിജയത്തില്‍ പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സംഭാവന വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കുന്ന ചെറിയ സംഭാവനകളും വളരെ പ്രധാനമാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

‘എല്ലാവരും കളിക്കരുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്, കാരണം വര്‍ഷങ്ങളായി, ഞങ്ങള്‍ ചില വ്യക്തിഗത വിജയങ്ങളെക്കുറിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഇത് ഒരു ടീം സ്പോര്‍ട്സാണ്, ഇത് എല്ലായ്‌പ്പോഴും ഒരു ടീം സ്പോര്‍ട്‌സായി തന്നെ തുടരും.

എനിക്ക്, ശിവം നേടിയ രണ്ട് ബൗണ്ടറികള്‍ സഞ്ജുവിന്റെ 97 റണ്‍സ് പോലെ പ്രധാനമാണ്. വലിയ സംഭാവന വാര്‍ത്തകളില്‍ ഇടം നേടുന്നു. എന്നിരുന്നാലും ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കുന്ന ചെറിയ സംഭാവനയും വളരെ പ്രധാനമാണ്,’ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു.

നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന ഘട്ടം ഇന്ത്യയ്ക്ക് 12 പന്തില്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ പാണ്ഡ്യയ്‌ക്കെതിരെ ഷമര്‍ ജോസഫ് ആദ്യ പന്ത് ഡോട്ട് ചെയ്യുകയും രണ്ടാം പന്തില്‍ വിക്കറ്റ് നേടുകയും ചെയ്തും. തുടര്‍ന്ന് 10 പന്തില്‍ 17 റണ്‍സ് വേണ്ട സമയത്താണ് ശിവം ദുബെ രണ്ട് ഫോര്‍ നേടി സമ്മര്‍ദ ഘട്ടത്തെ ബാലന്‍സ് ചെയ്തത്. തുടര്‍ന്ന് അവസാന ഓവറില്‍ സഞ്ജു സിക്‌സും ഫോറും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

 

Content Highlight: Gautam Gambhir Talks About Sanju Samson And Shivam Dube

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ