സഞ്ജുവിനെയും ഇഷാനെയും തിരിച്ചുവിളിച്ചത് അതുകൊണ്ടാണ്; തുറന്ന് പറഞ്ഞ് ഗംഭീര്‍
Cricket
സഞ്ജുവിനെയും ഇഷാനെയും തിരിച്ചുവിളിച്ചത് അതുകൊണ്ടാണ്; തുറന്ന് പറഞ്ഞ് ഗംഭീര്‍
ശ്രീരാഗ് പാറക്കല്‍
Saturday, 21st March 2026, 10:41 am

ഇന്ത്യന്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷനെ പ്രശംസിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ ഇഷാന്‍ എന്താണ് ചെയ്തതെന്ന് പറയുന്നില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. രണ്ടര വര്‍ഷമെടുത്ത് ഒരു താരം തിരിച്ചുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഗംഭീര്‍ പറഞ്ഞു.

‘ലോകകപ്പില്‍ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞാന്‍ സംസാരിക്കില്ല, ഒരു തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ല എന്നതാണ് ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം. എന്റെ കരിയറില്‍ ഞാന്‍ പലതവണ ആ അവസ്ഥയില്‍ എത്തിയിട്ടുണ്ട്. അരങ്ങേറ്റം കുറിക്കുന്ന സമയത്തേക്കാള്‍ വളരെ പരിഭ്രാന്തമായ അവസ്ഥയായിരിക്കും തിരിച്ചുവരവ് നത്തുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകുക.

ഇഷാന്‍

നാഗ്പൂരില്‍ ജേക്കബ് ഡഫിക്കെതിരെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ചാണ് ഇഷാന്‍ തുടങ്ങിയത്. രണ്ടര വര്‍ഷമെടുത്ത് തിരിച്ചുവന്ന ഒരു താരത്തിന്റെ ഗുണം അതാണ്. അതുകൊണ്ടുതന്നെയാണ് ഇഷാന്‍ കിഷനെപ്പോലുള്ള ഒരു താരം ടീമിലുള്ളത്.

സഞ്ജു, ഇഷാന്‍ പോലുള്ള മികച്ച വിക്കറ്റ് കീപ്പര്‍മാരെ തിരികെ ലഭിച്ചതിന് കാരണം അവരുടെ നിര്‍ഭയമായ ബാറ്റിങ് രീതി തന്നെയാണ്. അവര്‍ക്ക് ഈ പാതയില്‍ തുടരാനും, കഠിനാധ്വാനം ചെയ്യാനും, എളിമയോടെ തുടരാനും സാധിക്കും. ഭാവിയില്‍ അവര്‍ക്ക് ധാരാളം വിജയങ്ങള്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗൗതം ഗംഭീര്‍ റെവ്‌സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

സഞ്ജു

2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇഷാന്‍ നടത്തിയത്. 25 പന്തില്‍ 52 റണ്‍സാണ് താരം ഫൈനലില്‍ അടിച്ചത്. ടൂര്‍ണമെന്റില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 317 റണ്‍സ് നേടിയ കിഷന്‍ നാലാമത്തെ റണ്‍വേട്ടക്കരനാണ്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി വെറും അഞ്ച് മത്സരം കൊണ്ട് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കാന്‍ സാധിച്ച താരമാണ് സഞ്ജു സാംസണ്‍. ഫൈനല്‍ ഉള്‍പ്പെടെ നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ 97*, 89, 89 എന്നിങ്ങനെ വമ്പന്‍ പ്രകടനമാണ് സഞ്ജു തിരിച്ചുവരവില്‍ കാഴ്ചവെച്ചത്.

Content Highlight: Gautam Gambhir Talking About Ishan Kishan And Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ