ഒരു മനുഷ്യനായതിനാല്‍ എനിക്കും തെറ്റുകള്‍ സംഭവിക്കാം; രോഹിത്തും വിരാടുമായുള്ള ബംന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ഗംഭീര്‍
Cricket
ഒരു മനുഷ്യനായതിനാല്‍ എനിക്കും തെറ്റുകള്‍ സംഭവിക്കാം; രോഹിത്തും വിരാടുമായുള്ള ബംന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ഗംഭീര്‍
ശ്രീരാഗ് പാറക്കല്‍
Monday, 16th March 2026, 10:52 pm

ഒരു മനുഷ്യനായതിനാല്‍ തനിക്കും തെറ്റ് പറ്റാമെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ 18 മാസമായി തെറ്റായ വശത്തായിരുന്നു താനെന്നും അത് സമ്മതിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

മാത്രമല്ല ശരിയായ ഉദ്ദേശ്യത്തോടെയുള്ള തെറ്റായ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി-20 ലോകകപ്പിന് ശേഷം കൊല്‍ക്കത്തയില്‍ നടന്ന റെവ്‌സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗൗതം ഗംഭീര്‍.

‘ഞാനും ഒരു മനുഷ്യനായതിനാല്‍ എനിക്കും തെറ്റുകള്‍ സംഭവിക്കാം. കളിക്കാര്‍ക്കും തെറ്റുകള്‍ സംഭവിക്കാം. കഴിഞ്ഞ 18 മാസമായി ഞാന്‍ തെറ്റായ വശത്തായിരുന്നു, അത് സമ്മതിക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറുന്നില്ല.

ശരിയായ ഉദ്ദേശത്തോടെയുള്ള തെറ്റായ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും സ്വീകാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, തെറ്റായ ഉദ്ദേശങ്ങള്‍ കാരണം നിങ്ങള്‍ തെറ്റായ തീരുമാനം എടുക്കുകയാണെങ്കില്‍, അത് ഡ്രസ്സിങ് റൂമില്‍ സ്വീകാര്യമല്ല.

സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് കളിക്കാരുടെ കണ്ണുകളിലേക്ക് നോക്കി കാര്യങ്ങള്‍ മനസിലാക്കാം, ഒരു പരിശീലകനെന്ന നിലയില്‍ ഞാന്‍ ന്യായമായ ജോലി ചെയ്തുവെന്ന് ഞാന്‍ കരുതുന്നു,’ ഗംഭീര്‍ പറഞ്ഞു.

അതേസമയം 2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്നിങ്ങനെ പല ബഹുമതികളും ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചു.

2024ന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗംഭീര്‍ മൂന്നാം കിരീടമാണ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളാണ് ഗംഭീര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. കൂടാതെ 2027 ഏകദിന ലോകകപ്പും 2028ലെ ഒളിമ്പിക്സുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് നേരത്തെ പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Gautam Gambhir Talking About His Wrong decision

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ