കലിപ്പന്‍ മൂഡില്‍ വിജയമാഘോഷിച്ച് ഗംഭീര്‍; വൈറലായി ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിന്റെ വിജയാഘോഷം
Sports News
കലിപ്പന്‍ മൂഡില്‍ വിജയമാഘോഷിച്ച് ഗംഭീര്‍; വൈറലായി ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിന്റെ വിജയാഘോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th May 2022, 12:53 pm

കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് മത്സരത്തിലെ ത്രില്ലടിപ്പിക്കുന്ന ജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടിയിരിക്കുകയാണ് ലഖ്‌നൗ.

എന്നാല്‍ ലഖ്‌നൗവിന്റെ വിജയത്തേക്കാളും ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത് കെ.എല്‍. രാഹുല്‍ നയിക്കുന്ന ടീം ലഖ്‌നൗവിന്റെ മെന്ററായ ഗൗതം ഗംഭീറിന്റെ വിജയാഘോഷമാണ്.

കലിപ്പന്‍ മുഖത്തോടെ ഒരു ആനിമേറ്റഡ് മാനറിലാണ് ഗംഭീര്‍ തന്റെ ടീമിന്റെ വിജയനിമിഷത്തില്‍ പ്രതികരിച്ചത്.

ദേഷ്യക്കാരന്റെ ഭാവത്തോടെ വിജയം ആഘോഷിക്കുന്ന ഗൗതം ഗംഭീറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

അവസാന പന്തില്‍ കൊല്‍ക്കത്തയുടെ താരം ഉമേഷ് യാദവിനെ ലഖ്‌നൗ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസ് പുറത്താക്കിയതോടെയാണ് തന്റെ കലിപ്പന്‍ മൂഡ് ആഘോഷത്തിലേക്ക് ഗംഭീര്‍ കടന്നത്. ലഖ്‌നൗ വിജയമുറപ്പിച്ചതോടെ ഗംഭീര്‍ തന്റെ കസേരയില്‍ നിന്നും ചാടിയെണീക്കുകയായിരുന്നു.

രണ്ട് റണ്‍സിന്റെ ത്രില്ലടിപ്പിക്കുന്ന വിജയമായിരുന്നു കെ.കെ.ആറിനെതിരെ ലഖ്‌നൗ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ 210 റണ്‍സായിരുന്നു നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് നിശ്ചിത ഓവറില്‍ 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ലഖ്‌നൗ പ്ലോ ഓഫില്‍ കസേരയിട്ട് സ്ഥാനമുറപ്പിക്കുകയായിരുന്നു.

അതേസമയം, ഐ.പി.എല്ലിലെ ഈ സീസണില്‍ പ്ലേ ഓഫിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ടൈറ്റന്‍സാണ് പ്ലേ ഓഫിന് യോഗ്യത നേടിയ ആദ്യത്തെ ടീം.

Content Highlight: Gautam Gambhir’s angry celebration after Lucknow Super Giant’s victory over KKR goes viral