ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. സഞ്ജുവില്‍ താന്‍ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി.
ന്യൂസിലാന്‍ഡ് പരമ്പരയില്‍ പ്രകടനം നടത്താനാന്‍ സാധിക്കാത്തതിനാലാണ് സഞ്ജുവിന് കുറച്ച് മത്സരങ്ങളില്‍ വിശ്രമം നല്‍കിയതെന്നും ഫോമില്‍ തിരിച്ചെത്തിയാല്‍ മികച്ച പ്രകടം നടത്തുമെന്ന് തനിക്കുറപ്പായിരുന്നെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജുവിനെ എപ്പോഴും എനിക്ക് വിശ്വാസമായിരുന്നു. അവനില്‍ നിന്നും ഇനിയും ടീമിന് ഒരുപാട് നേടാന്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂസിലാന്‍ഡിനെതിരെയായ ടി-20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇത് ഗെയ്മിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ കുറച്ച് മത്സരങ്ങളില്‍ അവന് വിശ്രമം നല്‍കി. എന്നിരുന്നാലും തിരിച്ചെത്തിയാല്‍ അവന്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു,’ ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.
സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.