ഗംഭീര്‍ തുടരും; പരിശീലകനായി മുന്‍ താരത്തെ പരിഗണിക്കുന്നവെന്ന റിപ്പോര്‍ട്ടില്‍ പുതിയ വിവരങ്ങള്‍ പുറത്ത്
Cricket
ഗംഭീര്‍ തുടരും; പരിശീലകനായി മുന്‍ താരത്തെ പരിഗണിക്കുന്നവെന്ന റിപ്പോര്‍ട്ടില്‍ പുതിയ വിവരങ്ങള്‍ പുറത്ത്
ഫസീഹ പി.സി.
Sunday, 28th December 2025, 1:39 pm

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ തന്നെ തുടരുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഗംഭീറിനെ മാറ്റാന്‍ ബി.സി.സി.ഐ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി വി.വി.എസ് ലക്ഷ്മണനെ ഒരു ബി.സി.സി.ഐ ഉന്നതന്‍ അനൗദ്യോഗികമായി കണ്ടുവെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍, ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗംഭീറില്‍ ഇന്ത്യന്‍ മാനേജ്‌മെന്റിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗൗതം ഗംഭീർ. Photo: Vipin Tiwari/x.com

‘ഔദ്യോഗികമായോ അനൗദ്യോഗികമായോ ഞങ്ങള്‍ വി.വി.എസ്. ലക്ഷ്മണനെ ബന്ധപ്പെട്ടിട്ടില്ല. ബി.സി.സി.ഐയ്ക്ക് ഗംഭീറില്‍ പൂര്‍ണ വിശ്വാസമുണ്ട്. പരിശീലകനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല,’ ബി.സി.സി.ഐ ഉന്നത ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഇന്ത്യന്‍ പരിശീലക സംഘത്തില്‍ ബി.സി.സി.ഐ അഴിച്ചുപണിക്ക് ഒരുങ്ങുന്നുവെന്ന പി.ടി.ഐ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ വി.വി.എസ് ലക്ഷമണനെ ഒരു ബി.സി.സി.ഐ അംഗം സമീപിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍, ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് ആയി തുടരുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ലക്ഷ്മണ്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനൊപ്പം തന്നെ റിപ്പോര്‍ട്ടില്‍ 2026 ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിന് അനുസരിച്ചായിരിക്കും പരിശീലകനായി ഗംഭീറിന്റെ ഭാവിയെന്നുമുണ്ടായിരുന്നു.

വി.വി.എസ്. ലക്ഷ്മൺ. Photo: indianTeamCric/x.com

2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി. എന്നാല്‍, ഇതില്‍ ഏത് നിമിഷവും മാറ്റം വന്നേക്കാമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു. ഗംഭീറിന്റെ കീഴില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര മികച്ച റെക്കോഡല്ലയുള്ളത്.

ഇംഗ്ലണ്ടിനോട് സമനില നേടിയെടുത്തതും വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതുമാണ് ടെസ്റ്റില്‍ ഗംഭീര്‍ യുഗത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍. അദ്ദേഹത്തിന്റെ കാലയളവില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ പല കോട്ടകളും കൈവിടേണ്ടി വന്നിരുന്നു.

ഏറെ കാലങ്ങള്‍ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കർ ട്രോഫി കൈവിടുകയും ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. ഒപ്പം 25 വര്‍ഷങ്ങള്‍ക്ക് ശേഷം സൗത്ത് ആഫ്രിക്കയോട് ഇന്ത്യയില്‍ ഇന്ത്യന്‍ സംഘം ഒരു ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞു.

 

Content Highlight: Gautam Gambhir to continue; new details emerge in report that VVS Laxman being considered as Indian coach role

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി