ഐ.സി.സി ടി-20 ലോകകപ്പില്‍ മൂന്നാം തവണയും മുത്തമിട്ട് ഇന്ത്യ ചരിത്രമെഴുതിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ കൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ മൂന്നാം തവണയും ലോകചാമ്പ്യന്‍മാരായത്.
ഇതോടെ ടി-20 ലോകകപ്പ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായും സ്വന്തം മണ്ണില്‍ ലോകകപ്പുയകര്‍ത്തുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
ഈ കിരീടനേട്ടത്തോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും ഒരു ചരിത്ര നേട്ടം തേടിയെത്തി. രണ്ട് ഐ.സി.സി. കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന നേട്ടമാണ് ഗംഭീര്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്.
ഒരു വര്‍ഷം മുമ്പ്, 2025 മാര്‍ച്ച് ഒമ്പതിനാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ രൂപത്തില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യ ആദ്യ ഐ.സി.സി കിരീടം നേടുന്നത്. അന്നും എതിരാളികള്‍ ന്യൂസിലാന്‍ഡ് തന്നെയായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറ് പന്ത് ശേഷിക്കെ, ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
83 പന്തില്‍ 76 റണ്‍സുമായി മുമ്പില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ അപരാജിതരായി കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലിലെ താരവും രോഹിത് തന്നെയായിരുന്നു.
ഒരു വര്‍ഷത്തിനിപ്പുറം സ്വന്തം തട്ടകത്തില്‍ ഇതേ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഗംഭീറിന് കീഴില്‍ രണ്ടാം ഐ.സി.സി കിരീടം സ്വന്തമാക്കിയത്.
രണ്ട് ഐ.സി.സി കിരീടങ്ങള്‍ക്ക് പുറമെ 2025 ഏഷ്യാ കപ്പ് കിരീടത്തിലേക്കും ഗംഭീര്‍ ഇന്ത്യയെ നയിച്ചിരുന്നു. കിരീടപ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ നേട്ടം.
ഏറെ നാളുകള്‍ക്ക് ശേഷം ഹോം ടെസ്റ്റില്‍ അടിയറവ് പറഞ്ഞതും ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര പരാജയപ്പെട്ടതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനാകാതെ പോയതുമടക്കം പല മോശം നേട്ടങ്ങളും നേരത്തെ ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ടീം കോമ്പിനേഷനിലടക്കം വരുത്തുന്ന പരീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും ട്രോഫികള്‍ സമ്മാനിച്ച് ഗംഭീര്‍ കയ്യടി നേടുകയാണ്.
Content Highlight: Gautam Gambhir becomes first Indian coach to win 2 ICC trophies