ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസണിനെ പുറത്താക്കിയതിനെക്കുറിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യില്‍ പരാജയത്തിന് പിന്നാലെയാണ് ഗംഭീര്‍ സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് പറഞ്ഞത്.
ഇലവനില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതില്‍ ആവശ്യമായ വ്യക്തത താന്‍ നല്‍കിയിട്ടുണ്ടെന്നും ആ സംഭാഷണങ്ങള്‍ ഒരിക്കലും പുറത്ത് വരാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും എന്നാല്‍ ചിലപ്പോള്‍ ഒരു താരത്തിന്റെ നിലവിലെ ഫോമും പരിഗണിക്കേണ്ടിവരുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണിന് ആവശ്യമായ വ്യക്തത ഞാന്‍ നല്‍കിയിട്ടുണ്ട്. അത് താരവും മുഖ്യ പരിശീലകനും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. ആ സംഭാഷണത്തിലെ കാര്യങ്ങള്‍ പുറത്തേക്ക് വരാനിടയില്ല.
സഞ്ജുവിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യയ്ക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. എന്നാല്‍ ചിലപ്പോള്‍ ഒരു താരത്തിന്റെ നിലവിലെ ഫോമും പരിഗണിക്കേണ്ടിവരും. ഈ പരമ്പരയില്‍ അദ്ദേഹത്തിന് തിരിച്ചുവരാനാകില്ലെന്ന് പറയുന്ന കര്‍ശനമായ യാതൊരു നിയമവും ഇല്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫലങ്ങളാണ്. അതിനാല്‍, ടീമിന് മികച്ച ഫലം നേടിക്കൊടുക്കാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ കോമ്പിനേഷനും പ്ലെയിങ് ഇലവനും തന്നെയാണ് കളിപ്പിക്കുന്നത്.സഞ്ജു സാംസണും ഗൗതം ഗംഭീറും
ഓരോ താരവും ടീമിലെ തന്റെ സ്ഥാനം സ്വന്തമാക്കുകയും ഇന്ത്യയ്ക്കായി കളിക്കാനുള്ള അവകാശം പ്രകടനത്തിലൂടെ നേടിയെടുക്കുകയും വേണമെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിച്ചിട്ടുള്ളത്,’ മത്സര ശേഷം പത്രസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ത്രീ ലയന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര നാണക്കേടും ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേരിടേണ്ടി വന്നിരിക്കുകയാണ്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. മത്സരത്തില്‍ സഞ്ജുവിന് പകരക്കാരനായി ഇറങ്ങിയ 15കാരന്‍ വൈഭവ് സൂര്യവംശി അഞ്ച് പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 13 റണ്‍സാണ് നേടിയത്. രണ്ടാം മത്സരത്തില്‍ താരം 11 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വൈഭവിന് പുറമെ മറ്റ് താരങ്ങളും മോശം ബാറ്റിങ് പ്രകടനമാണ് നടത്തിയത്.
Content Highlight: Gautam Gabhir Talking About Sanju Samson