എഡിറ്റര്‍
എഡിറ്റര്‍
മോദി പരിശീലനം ലഭിച്ച ഹിന്ദുത്വ രാഷ്ട്രീയക്കാരന്‍; മോദിയുടെ വാക്കുകള്‍ക്ക് രണ്ടര്‍ത്ഥമുണ്ട്: ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ രാഹുല്‍ഗാന്ധി
എഡിറ്റര്‍
Wednesday 6th September 2017 1:04pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പരിശീലനം ലഭിച്ച ഹിന്ദുത്വവാദിയാണെന്ന് രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ സംഘപരിവാര്‍ അതിക്രമങ്ങള്‍ക്ക് വളംവെക്കുന്നു എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍. ‘ കൗശലക്കാരനായ ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് രണ്ട് അര്‍ത്ഥമുണ്ട്. ഒന്ന് അദ്ദേഹത്തിന് കീഴിലുളളവര്‍ക്കും മറ്റുള്ളത് രാജ്യത്തെ ബാക്കിയുള്ളവര്‍ക്കും.’ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.

ബി.ജെ.പി ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുകയോ, നിശബ്ദരാക്കുകയോ ആക്രമിക്കുകയോ, കൊല്ലുകയോ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ ട്വിറ്ററിലൂടെ അദ്ദേഹം കൊലപാതകത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. ‘ സത്യത്തെ ഒരിക്കലും നിശബ്ദമാക്കാന്‍ കഴിയില്ല. ഗൗരി ലങ്കേഷ് നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.’ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.

ബംഗളൂരുവിലെ വീടിന് മുന്നില്‍ ഇന്നലെ രാത്രിയാണ് അജ്ഞാതന്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. വീടിന് മുന്നില്‍ കാറിറങ്ങിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമി ഏഴ് തവണ നിറയൊഴിച്ചെന്ന് പൊലീസ് പറഞ്ഞു.

Advertisement