ഗൗരി ലങ്കേഷ് കേസ്; വിചാരണ നേരിട്ടിരുന്ന അവസാന പ്രതിയ്ക്കും ജാമ്യം
national news
ഗൗരി ലങ്കേഷ് കേസ്; വിചാരണ നേരിട്ടിരുന്ന അവസാന പ്രതിയ്ക്കും ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 8:45 am

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന അവസാന പ്രതിക്കും ജാമ്യം. ശരദ് ഭൗസാഹേബ് കലാസ്‌കറിനാണ് ജാമ്യം ലഭിച്ചത്.

കേസിലെ മറ്റു പ്രതികള്‍ ജാമ്യത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Gauri Lankesh case; The last accused who faced trial was also granted bail

Gauri Lankesh

2018 സെപ്റ്റംബര്‍ മുതല്‍ കലാസ്‌കര്‍ കസ്റ്റഡിയിലാണെന്നും വിചാരണ ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബിയാണ് ജാമ്യം അനുവദിച്ചത്.

കേസുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് കലാസ്‌കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. കലാസ്‌കറിന്റെ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.

ഇതോടെ ഗൗരി ലങ്കേഷ് കേസിലെ 17 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം കേസില്‍ പ്രതിയായ ഒരാളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവില്‍ കഴിയുന്ന പ്രതിയുള്‍പ്പെടെ 18 പേരാണ് പ്രതി പട്ടികയിലുള്ളത്.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. ബെംഗളൂരുവിലെ ഗൗരിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു കൊലപാതകം നടന്നത്.

സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷിന് നേരെ ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ ഗൗരി ലങ്കേഷ് മരിക്കുകയായിരുന്നു.

കൊലപാതകത്തില്‍ സനാഥന്‍ സന്‍സ്തയുമായും മറ്റു സംഘടനകളുമായും ബന്ധമുള്ള 17 പേരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ 11 പേര്‍ക്ക് വിചാരണകാലയളവില്‍ തന്നെ ജാമ്യം ലഭിച്ചിരുന്നു. 2023 ഡിസംബറില്‍, പ്രതി മോഹന്‍ നായക്കിന് ഹൈക്കോടതി ജാമ്യം നല്‍കിയതോടെ മറ്റു പ്രതികള്‍ക്കും തുടര്‍ച്ചയായി ജാമ്യം ലഭിക്കുകയായിരുന്നു.

2024 ഒക്ടോബര്‍ ആദ്യ വാരത്തില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചില പ്രതികള്‍ക്ക് ജയിലിന് പുറത്ത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ എന്നിവരെ ഹിന്ദുത്വ നേതാവ് ഉമേഷ് വന്ദല്‍ കാവി ഷാളും മാലയും അണിയിച്ച് സ്വീകരിക്കുകയായിരുന്നു.

ലങ്കേഷ് പത്രിക എന്ന വാരികയുടെ എഡിറ്ററായിരുന്ന ഗൗരി, സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ നിലപാടുകളുടെ പേരില്‍ നിരവധി തവണ സൈബര്‍ അക്രമണകള്‍ക്ക് വിധേയയായിരുന്നു.

Content Highlight: Gauri Lankesh case; The last accused who faced trial was also granted bail