’96’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമ ആസ്വാദകരുടെ മനംകവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. തന്റെ ആദ്യ ചിത്രം കൂടിയായ 96ലെ ‘ജാനു’ എന്ന കഥാപാത്രം ഗൗരിക്ക് ഏറെ ജനശ്രദ്ധ നേടികൊടുത്തിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ മലയാളം വെബ് സീരിസായ ലൗവ് അണ്ടര്‍ കണ്‍സ്ട്രക്കഷന്റെ വിശേഷങ്ങള്‍ റെഡ് എഫ്.എമ്മിനോട് പങ്കുവെക്കുകയാണ് ഗൗരി.
നീരജ് മാധവ് എന്ന ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കാന്‍ താന്‍ വളരെ എക്സൈറ്റഡായിരുന്നുവെന്നും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ അജു, നീരജ് കോമ്പോയെ കാണാനാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷയുണ്ടായിരുന്നതെന്നും ഗൗരി അഭിമുഖത്തില്‍ പറഞ്ഞു. സിനിമാരംഗത്തേക്ക് വന്നില്ലായിരുന്നെങ്കില്‍ താനൊരു ജേര്‍ണലിസ്റ്റായേനെയെന്നും അതായിരുന്നു തന്റെ സ്വപ്നമെന്നും നടി പറഞ്ഞു.
‘സിനിമയില്‍ വന്നിലെങ്കില്‍ ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആയേനെ. എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ് അത്. ജേര്‍ണലിസം പഠിച്ച് കൊണ്ടിരിക്കുമ്പോളാണ് 96ലേക്ക് അവസരം ലഭിക്കുന്നത് ഇപ്പോള്‍ സിനിമയോട് താത്പര്യം ഉള്ളതുകൊണ്ടുതന്നെ സ്‌ക്രിപ്പ്റ്റ് റൈറ്റിങ്ങിലും താത്പര്യം തോന്നാറുണ്ട്,’ ഗൗരി പറയുന്നു.
തന്റെ ഇഷ്ട ഴോണര്‍ റൊമാന്‍സാണെന്നും പ്രണയകഥകള്‍ക്ക് ഒരു ഡെപ്ത്തുണ്ടെന്ന് തനിക്കെപ്പോഴും തോന്നാറുണ്ടെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താന്‍ വളരെ കംഫര്‍ട്ടബിളാണെന്നും ഗൗരി കൂട്ടിചേര്‍ത്തു.
അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയാണ് തന്റെ ആദ്യ മലയാള ചിത്രമെന്നും ഗൗരി കിഷന്‍ പറഞ്ഞു. മാര്‍ഗംകളി എന്ന സിനിമയില്‍ ഒരു പാട്ടില്‍ മാത്രാണ് തനിക്ക് റോളുണ്ടായിരുന്നതെന്നും ആ സിനിമയിലെ കഥാപാത്രം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ് എന്ന് തനിക്ക് തോന്നിയിട്ടില്ലായെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
content highlights: Gauri Kishan says she would have become a journalist if she had not come into films