ഇതേ ചോദ്യം രൂക്ഷമായ ഭാഷയില്‍ പുരുഷനോട് ചോദിക്കുമോ, സിനിമയെ കുറിച്ച് ചോദിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു; പിന്തുണക്ക് നന്ദിയെന്ന് ഗൗരി
Indian Cinema
ഇതേ ചോദ്യം രൂക്ഷമായ ഭാഷയില്‍ പുരുഷനോട് ചോദിക്കുമോ, സിനിമയെ കുറിച്ച് ചോദിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു; പിന്തുണക്ക് നന്ദിയെന്ന് ഗൗരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th November 2025, 12:57 pm

ശരീര ഭാരം ചോദിച്ച് യൂട്യൂബര്‍ അധിക്ഷേപിച്ച സംഭവത്തില്‍ തന്റെ നിലപാടിനെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് നടി ഗൗരി കിഷന്‍. A.M.M.A സംഘടനക്കും തമിഴ് താര സംഘടനായ നടികര്‍ സംഘം, ചെന്നൈ പ്രസ് ക്ലബ് തുടങ്ങിയ സംഘടനകള്‍ക്കും പിന്തുണച്ച വ്യക്തികള്‍ക്കുമാണ് ഗൗരി നന്ദി അറിയിച്ചത്.

പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍ സൂക്ഷമ പരിശോധന തൊഴിലിന്റെ ഭാഗമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ ഒരു വ്യക്തിയുടെ ശരീരത്തെയോ രൂപത്തയോ ലക്ഷ്യം വെച്ചുള്ള ചോദ്യങ്ങള്‍ ഏത് സാഹചര്യത്തിലും ഉചിതമല്ലെന്നും താരം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഗൗരി പോസ്റ്റ് പങ്കുവെച്ചത്. ആ സിനിമയെ കുറിച്ച് എന്തെങ്കിലും ചോദ്യം ചോദിച്ചിരുന്നെങ്കില്‍ എന്ന് ആ സമയം താന്‍ ആഗ്രഹിച്ചു പോയെന്നും ഇതേ ചോദ്യം രൂക്ഷമായ ഭാഷയില്‍ ഇവര്‍ ഒരു പുരുഷനോട് ചോദിക്കുമോയെന്നും ഗൗരി പറഞ്ഞു.

അതേസമയം ഗൗരിയോട് താന്‍ തെറ്റായ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്നും പി.ആര്‍ സ്റ്റണ്ടിന് വേണ്ടിയാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നതെന്നുമാണ് യൂട്യൂബര്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞ ഇയാള്‍ തന്റെ ചോദ്യത്തെ ന്യായീകരിച്ചും സംസാരിച്ചു.

തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ നായകനോട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ചോദിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്. ഇത് ബോഡി ഷെയ്മിങ്ങാണെന്നും തന്റെ ഭാരവും സിനിമയും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും ഗൗരി പ്രതികരിച്ചു. താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ മറുപടി നല്കി.

Content highlight:  Gauri Kishan has thanked those who supported her stance in the incident where a YouTuber insulted her by asking her about her weight