Administrator
Administrator
ഞങ്ങടെ ഗ്രാമം വിട്ടുതരില്ല , ഞങ്ങടെ പോരാട്ടോം നിര്‍ത്തുകയില്ല
Administrator
Monday 16th May 2011 8:50pm


നിയുള്ള യുദ്ധങ്ങള്‍ ഭൂമിക്കും അതിലെ വിഭവങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇനിയുള്ള സമരങ്ങളും. ഭൂമിയുടെ ഹൃദയം തുരന്ന് കൊള്ളയടിക്കുമ്പോള്‍ ജീവിക്കാന്‍ പാടുപെടുന്നവന്റെ അവസാന പോരാട്ടമായിരിക്കുമത്. അവിടെ പരാജയമെന്നാല്‍ മരണമായിരിക്കും. വിജയമെന്നാല്‍ അതിജീവനവും. അതുകൊണ്ട് ഈ സമരങ്ങള്‍ അതിജീവനത്തിനായുള്ള മുഴുവന്‍ ജനതയുടെയും പോരാട്ടങ്ങളായി പരിണമിക്കുന്നു.

എതിരാളികള്‍ നിസ്സാരരല്ലെന്ന് ഇവരിലോരോരുത്തര്‍ക്കും അറിയാം. ഒരുപിടിയാളുകളാണ് എതിര്‍പക്ഷത്തെങ്കിലും അര്‍ത്ഥം കൊണ്ടും ആയുധം കൊണ്ടും അവര്‍ ശക്തരാണെന്നും ഭരണാധികാരികളൊക്കെയും അവരുടെ സേവകരാണെന്നും ജനത അനുഭവം കൊണ്ട് മനസ്സിലാക്കുന്നു. സിങ്കൂരിലും നന്ദിഗ്രാമിലും നമ്മള്‍ കണ്ടതതാണ്. പോസ്‌കൊയും ജെയ്താപ്പൂരും കിനാലൂരും മൂലമ്പിള്ളിയും സമരങ്ങള്‍കൊണ്ട് പുകഞ്ഞുകൊണ്ടിരിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. അവസ്സാനമായി ഉത്തര്‍ പ്രദേശിലെ നോയിഡയും.

ഈ ഒരു പശ്ചാത്തലത്തില്‍ ഞങ്ങള്‍ കെ.പി.ശശിയെന്ന ചലച്ചിത്ര സാമുഹ്യപ്രവര്‍ത്തകനെ പരിചയപ്പെത്തുകയാണ്. ചലച്ചിത്ര പ്രവര്‍ത്തകനെന്നതിനേക്കാള്‍ താനൊരു സാമൂഹ്യപ്രവര്‍ത്തകനാണെന്നാണ് കെ.പി.ശശി സ്വയം അടയാളപ്പെടുത്തുന്നത്. ‘വികസന’മെന്ന ആധുനിക സങ്കല്‍പ്പമാണ് തന്റെ സംഗീത ആല്‍ബങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. ‘ഇലയും മുള്ളും’, ‘ഏക് അലഗ് മൗസം’ എന്നീ സിനിമകളും ‘അമേരിക്ക അമേരിക്ക’, ‘ഗാവോം ഛോടോബ് നഹീം’ എന്നീ സംഗീത ആല്‍ബങ്ങളും ജനശ്രദ്ധ നേടി. മണ്ണിനേയും അതിലെ മനുഷ്യരുടെ പോരാട്ടങ്ങളെയും സമരാവേശത്തോടെ ചിത്രീകരിക്കുന്ന ‘ഗാവോം ഛോടോബ് നഹീം’ എന്ന സംഗീത ആല്‍ബം ഞങ്ങള്‍ പോരാടുന്നവര്‍ക്കും പോരാടി മരിച്ചവര്‍ക്കുമായി ഈ വീഡിയോ സ്‌റ്റോറിയിലൂടെ സമര്‍പ്പിക്കുന്നു.

ആല്‍ബത്തിലെ വരികളുടെ മൊഴിമാറ്റം:

[കാശിപ്പൂരിലെ ബോക്‌സൈറ്റ് ഖനിയില്‍ പോരാട്ടം നടത്തിയ ആദിവാസി നേതാവ് ഭഗവാന്‍മാജിയുടെ ഒരു ഗാനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്]

ഞങ്ങടെ നാടും വിട്ടുതരില്ല
ഞങ്ങടെ കാടും വിട്ടുതരില്ല
ഭൂമീദേവിയേം വിട്ടുതരില്ല
പോരാട്ടോം നിര്‍ത്തുകയില്ല.

ഡാമുകള്‍ കെട്ടി
നാടിനെ മുക്കി
ഫാക്ടറികള്‍ നിങ്ങള്‍ പണിതു.

കാടുകള്‍ വെട്ടി
ഖനികള്‍ കുഴിച്ച്
മാളികകള്‍ പണിതു

വെള്ളവുമില്ല ഭൂമിയുമില്ല
കാടുകളും ഇല്ല.

വികസന ദൈവമേ നിങ്ങള്‍ പറയൂ
ഞങ്ങള്‍ എങ്ങോട്ട് പോണം ?
പറയൂ
ഞങ്ങള്‍ എങ്ങോട്ട് പോണം?
ഞങ്ങടെ ജീവിതമാരു രക്ഷിക്കും?

യമുനവറ്റി
നര്‍മ്മദവറ്റി
സുവര്‍ണ്ണരേഖയും വറ്റി

ഗംഗാനദി മലിനമായി
കൃഷ്ണ വെറുമൊരു കറുത്തരേഖയായ് മാറി.

നിങ്ങള്‍ കുടിക്കും പെപ്‌സികോളയും
ബിസ്‌ലറീടെ വെള്ളോം

ദാഹം തീര്‍ക്കാന്‍
ഞങ്ങള്‍ക്കിവിടെ
മലിനജലം മാത്രം

കാടുകളൊക്കെ കാത്തുപോന്ന
ഞങ്ങടെ പൂര്‍വ്വികര്‍ വിഡ്ഢികളാണോ?
ഭൂമിയെയെന്നും പച്ചയണിയിച്ച
നദികളെ തേന്‍പോലെയോഴുകാന്‍ സഹായിച്ച
ഞങ്ങടെ പൂര്‍വ്വികര്‍ വിഡ്ഢികളാണോ?

നിങ്ങടെയാര്‍ത്തി
ഞങ്ങടെ മണ്ണിന്‍
നാമ്പുകളൊക്കെ കരിച്ചു.
മത്സ്യങ്ങളും പക്ഷികളുമൊക്കെ
എങ്ങോ പോയ് മറഞ്ഞു.

വ്യവസായ രാജാക്കന്‍മാരുടെ
ദല്ലാളന്‍മാരായ്
മന്ത്രിമാരൊക്കെയും മാറി.

നമ്മടെ ഭൂമി വിറ്റുതുലച്ചു

സായുധസേന അവരുടെ സേവകരായിമാറി.
ഉദ്യോഗസ്ഥര്‍ രാജാക്കന്‍മാര്‍
കരാറുകാരോ ധനികരുമായി
നമ്മുടെ ഗ്രാമം അവരുടെ കോളനിയായ് മാറി.
അതെ, നമ്മുടെ ഗ്രാമം അവരുടെ കോളനിയായ് മാറി.

ഇനിയും നമുക്ക് മൗനം ഭൂഷണമാണോ?
ഒന്നിക്കുക സഹോദരാ ഒന്നിക്കുക!

അങ്ങകലെ മുഴങ്ങിക്കേല്‍പ്പൂ
ബിര്‍സതന്‍* ശബ്ദം:
‘ദളിദരേ, തൊഴിലാളികളേ, ആദിവാസികളേ
ഒന്നിച്ചൊന്നായ് അണിചേരൂ

വയലുകളില്‍ നിന്നും ഖനികളില്‍നിന്നും
ഉണരൂ! വിളിച്ച് കൂകൂ
പോരാട്ടമാണ് പരിഹാരമെന്ന്
ഉറക്കെ വിളിച്ച് കൂകൂ..’

*ആദിവാസി നേതാവ്

Advertisement