തിരുവനന്തപുരം: യാമിനി തങ്കച്ചി ശാരീരികമായി പീഡിപ്പിച്ചെന്ന് മന്ത്രി ഗണേഷ് കുമാര്‍ കുടുംബ കോടതിയില്‍. മര്‍ദ്ദനം പേഴ്‌സണല്‍ സ്റ്റാഫിന്റെ മുന്നില്‍ വെച്ചായിരുന്നെന്നും ഫിബ്രവരി 22 നാണ് ഭാര്യ തന്നെ മര്‍ദ്ദിച്ചുവെന്നും ഗണേഷ് പരാതിയില്‍ പറയുന്നു.[]
തന്നെ മര്‍ദ്ദിച്ചതിന്റെ തെളിവുകളായി തന്നെ മര്‍ദ്ദിച്ച ഫോട്ടോകളും മന്ത്രി കോടതിയില്‍ സമര്‍പ്പിച്ചു. മുഖം മാന്തിപ്പൊട്ടിക്കുകയും കണ്ണിന്റെ ഭാഗത്ത് ശക്തിയായി മര്‍ദ്ദിക്കുകയും ചെയ്തു. നെഞ്ചിന്റെ ഭാഗത്തും മര്‍ദ്ദനമേറ്റിറ്റുണ്ടെന്നും ഗണേഷ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
തന്റെ മക്കളില്‍ വിഷം കുത്തിവെച്ച് മക്കളെ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നെന്നും കോടതിക്ക് പുറത്ത് വിഷയം പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അത് ഇനി നടക്കില്ലെന്നും ഗണേഷ് പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം കുടുംബകോടതിയിലാണ് അദ്ദേഹം ഹരജി നല്‍കിയത്. അഭിഭാഷകരായ രാംകുമാര്‍, അബ്ദുള്‍ കരീം എന്നിവര്‍ വഴിയാണ് ഗണേഷ് ഹരജി നല്‍കിയിരിക്കുന്നത്.
ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ജൂണ്‍ 29 ന് ഹരജി പരിഗണിക്കും. ഗണേഷും ഭാര്യ യാമിനിയും തമ്മില്‍ ഏറെ നാളായി അസ്വാരസ്യത്തിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും കോടതി അനുവദിച്ച ആറു മാസത്തെ കൂളിംഗ് പിരീഡിനൊടുവില്‍ യോജിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഗണേഷുമൊന്നിച്ച് ജീവിക്കാനാകില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഗണേഷിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യാമിനി സമീപിച്ചിരുന്നു.
അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത മംഗളം പത്രത്തില്‍ വന്നിരുന്നു.
ഈ മന്ത്രി ഗണേഷ് കുമാറാണെന്നായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപിച്ചിരുന്നത്. അടി കിട്ടിയത് ഗണേഷിന് തന്നെയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അവിഹിതബന്ധ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ആരോപണ വിധേയനായ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നായിരുന്നു യു.ഡി.എഫ് യോഗത്തിലുണ്ടായ തീരുമാനം.
വിഷയത്തില്‍ ഭാര്യ യാമിനി പരാതി നല്‍കിയിട്ടില്ലെന്നും അവരുടെ ഇടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നല്ലാതെ ഗണേഷിന്റെ രാജിയിലേക്ക് നയിക്കേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
