ഗണേഷിനും യാമിനിക്കും കോടതി വിവാഹ മോചനം അനുവദിച്ചു
Kerala
ഗണേഷിനും യാമിനിക്കും കോടതി വിവാഹ മോചനം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2013, 11:27 am

[]തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാറിനും യാമിനി തങ്കച്ചിക്കും കോടതി വിവാഹ മോചനം അനുവദിച്ചു.

വിവാഹ മോചന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഗണേഷ് കുമാറും യാമിനി തങ്കച്ചിയും കോടതിയെ അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഒന്‍പതരയോടെ ആരംഭിച്ച കൗണ്‍സിലിങ് ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം നീണ്ടു. കൗണ്‍സിലിങ്ങില്‍ വിവാഹബന്ധം തുടര്‍ന്ന് കൊണ്ടു പോകാന്‍ താത്പര്യമില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇരുവര്‍ക്കും കോടതി വിവാഹ മോചനം അനുവദിച്ചത്. ഒമ്പത് മണിയോടെ ഗണേഷ്‌കുമാര്‍ സുഹൃത്ത് ഷാജി കൈലാസിനൊപ്പമാണ് കോടതിയില്‍ എത്തിച്ചേര്‍ന്നത്.

അതേസമയം ഗണേഷ് കുമാര്‍ വിവാഹമോചന കരാര്‍ ലംഘിച്ചെന്ന് യാമിനി തങ്കച്ചി ആരോപിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗണേഷ് കരാര്‍ ലംഘിച്ചെന്ന് യാമിനി വ്യക്തമാക്കിയത്.

ഗണേഷ്  പത്രസമ്മേളനത്തില്‍ തന്നെ വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തിയെന്നും അന്തിമവിധിയില്‍ താന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കണമെന്നുമാണ് യാമിനി കുടുംബകോടതിയില്‍ രേഖാമൂലം അറിയിച്ചത്.

എന്നാല്‍ ഗണേഷിനെതിരെ യാമിനി സമര്‍പ്പിച്ച പരാതി ഈ ഘട്ടത്തില്‍ കോടതി പരിഗണിച്ചില്ല.