ഗാന്ധിയന്‍ ഫിസിക്‌സും ഗാന്ധിയന്‍ ഉത്കണ്ഠകളും
Opinion
ഗാന്ധിയന്‍ ഫിസിക്‌സും ഗാന്ധിയന്‍ ഉത്കണ്ഠകളും
രഘു ജെ
Monday, 18th February 2019, 2:20 pm

ഒരു “നോണ്‍-ഫിലോസഫിക്കല്‍ ഒബ്ജക്റ്റ്” ആയ ഗാന്ധിയെക്കുറിച്ചുള്ള തത്വചിന്താപഠനമാണ് ഈ കൃതി. ആധുനികത, പാരമ്പര്യം എന്നീ കാര്യങ്ങളെക്കുറിച്ച് മാര്‍ക്‌സ്, ഹൈഡഗര്‍ തുടങ്ങിയ ചിന്തകര്‍ ആവിഷ്‌കരിച്ച വ്യവഹാരങ്ങളെക്കാള്‍ എത്രയോ പ്രഹരശേഷി ഉള്ളതാണ് ഗാന്ധിയന്‍ ചിന്താവ്യവസ്ഥയെന്ന് ഈ കൃതി നിരീക്ഷിക്കുന്നു. ഗാന്ധിയിലെ രാഷ്ട്രീയ കൗശലം, വിചിത്ര പരീക്ഷണങ്ങള്‍, പരമ്പരാഗത വിശുദ്ധപരിവേഷം എന്നിവയ്ക്കുപകരം അദ്ദേഹത്തിന്റെ ചിന്താവ്യവസ്ഥയുടെ നവീനതയും സങ്കീര്‍ണതയുമാണ് ഗ്രന്ഥരചനയുടെ പ്രചോദന സാമഗ്രികള്‍.

സ്ത്രീ, ജാതി, വംശം എന്നിവയെക്കുറിച്ചുള്ള ഗാന്ധിയുടെ വീക്ഷണങ്ങള്‍ അന്നത്തെ മാനദണ്ഡങ്ങള്‍വച്ച് നോക്കിയാല്‍പോലും തികച്ചും ഗര്‍ഗണീയമായിരുന്നു. സമകാലീന അളവുകോലുകള്‍ക്ക് പകരം ഗാന്ധിയുടെ തന്നെ ചിന്താവ്യവസ്ഥയുടെ മാനദണ്ഡങ്ങളിലൂടെ അദ്ദേഹത്തെ വിലയിരുത്താനാണ് ഈ കൃതി ശ്രമിക്കുന്നത്. അഹിംസ, സത്യം, ദൈവം, ധാര്‍മ്മികത, സത്യാഗ്രഹം തുടങ്ങിയ ഗാന്ധിയന്‍ പ്രമേയങ്ങളെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതും അര്‍ത്ഥസാന്ദ്രമാക്കുന്നതുമായ ഗഗനമായ ഒരു ചിന്താവ്യവസ്ഥ ഗാന്ധിക്കുണ്ട്. അതിനെ ഈ കൃതി “ഹൈപ്പോഫിസിക്‌സ്” (Hypophysics) എന്ന് നിര്‍വ്വചിക്കുന്നു.

പ്രകൃതി ധര്‍മ്മവും മൂല്യവും ആകുന്നു! “ധര്‍മ്മവും മൂല്യവുമായ പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്ര”-മാണ് ഗാന്ധിജിയുടെ ഹൈപ്പോഫിസിക്‌സ്. ധര്‍മ്മനിരപേക്ഷമായ പ്രകൃതിയാണ് ഫിസിക്‌സിന്റെ അന്വേഷണ വിഷയം. അത്തരമൊരു ഫിസിക്‌സ്, മനുഷ്യനെ ധര്‍മ്മഭരിതമായ പ്രകൃതിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിന് മാത്രമെ സഹായിക്കൂ! നാഗരികതയും സംസ്‌കാരവും സയന്‍സും സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും ഗതാഗതവും വാര്‍ത്താവിനിമയവുമെല്ലാം ഗാന്ധിയുടെ ദൈവം മനുഷ്യനുവേണ്ടി രൂപകല്പന ചെയ്ത പ്രകൃതിദത്ത വേഗതയില്‍ നിന്നുള്ള ബോധപൂര്‍വ്വമായ പലായനമാണ്. ചരിത്രത്തിലേക്കും പുരോഗതിയിലേക്കുമുള്ള മനുഷ്യസഞ്ചാരങ്ങളാണ് ഗാന്ധി നേരിട്ട അഗാധമായ ധാര്‍മ്മിക പ്രതിസന്ധിക്ക് കാരണം..

ആധുനിക ലോകത്തിലെ അതിവേഗങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത “ഇന്ത്യന്‍ ഗ്രാമ”-മാണ് ഗാന്ധിയുടെ ബദല്‍. ആധുനിക നാഗരികത പ്രതിനിധാനം ചെയ്യുന്ന എല്ലാ “തിന്മ”-കളേയും ഉന്മൂലനം ചെയ്യുന്ന ഈ ആദര്‍ശ ഗ്രാമസങ്കല്പം ഫലത്തില്‍ ഗാന്ധിയന്‍ ചിന്താവ്യവസ്ഥയില്‍ അന്തര്‍ലീനമായ “കേവലശൂന്യതാവാദ” (Absolute Nihilism) ന്റെ നിദര്‍ശനമാണെന്ന് ഈ കൃതി സമര്‍ത്ഥിക്കുന്നു. ഒരര്‍ത്ഥത്തില്‍, മനുഷ്യരാശിയെ ആകെ വേട്ടയാടിക്കൊണ്ടിരുന്ന നിഹിലിസത്തിന്റെ ആഗാധവിപത്തിനെക്കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ നിഷ്‌ച്ചെ നടത്തിയതുപോലുളള പ്രവാചക സമാനമായ ഒരു തത്വചിന്തയാണ് ഈ കൃതിയെന്നത് നിശ്ശംശയം പറയാം.

മനുഷ്യ ജീവിതത്തേയും മനുഷ്യരുടെ ധൈഷണിക ആവാസ വ്യവസ്ഥകളെയും പരോക്ഷമായി അധിനിവേശിച്ചുകൊണ്ടിരിക്കുന്ന സമകാലീന നിഹിലിസത്തെ എങ്ങനെ മറിക്കടക്കാം (Overcomming) എന്ന നിഷ്‌ച്ചെയന്‍ ഉല്‍കണ്ഠതന്നെയാണ് “ഗാന്ധി & ഫിലോസഫി” എന്ന ഈ കൃതിയെ അഗാധവും മൗലികവുമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഗ്രന്ഥകര്‍ത്താക്കളായ ദിവ്യ ദ്വിവേദിയേയും ഷാജ് മോഹനേയും നിഷ്‌ച്ചേയുടെ തത്വചിന്താപിന്‍മുറക്കാര്‍ എന്ന് വിശേഷിപ്പിക്കാം.