ഇന്റര്‍നെറ്റില്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി ജി.പി.എസ് ; പുത്തന്‍ സാങ്കേതികവിദ്യ ഒരുങ്ങുന്നു
Life on Coastline
ഇന്റര്‍നെറ്റില്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി ജി.പി.എസ് ; പുത്തന്‍ സാങ്കേതികവിദ്യ ഒരുങ്ങുന്നു
ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 12:52 pm

കൊച്ചി: ഓഖിയടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കിയ നടുക്കം ഇന്നും മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്ന് മാറിയിട്ടില്ല. മാറി മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങള്‍ കാരണം പലപ്പോഴും സീസണില്‍ പോലും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാറില്ല.

പല സമയങ്ങളിലും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വിചാരിച്ച രീതിയില്‍ മത്സ്യങ്ങള്‍ ലഭിക്കാറില്ല. കടലില്‍ പോകുന്ന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

അത്യാധുനിക സംവിധാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷക്കായി ഒരുക്കുന്നുണ്ടെന്ന് പറയുമ്പോഴും സാങ്കേതികമായി പലതും പ്രാവര്‍ത്തികമാകാറില്ല. അത്തരത്തില്‍ ഒന്നായിരുന്നു ജി.പി.എസ് സംവിധാനം. മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്ഥലങ്ങള്‍ മനസിലാക്കുന്നതിനും പ്രകൃതി ക്ഷോഭം അടക്കമുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി അറിയുന്നതിനും ഒരുക്കുന്ന ഈ സംവിധാനം പക്ഷേ ഇന്റര്‍നെറ്റ് ഇല്ലാതാവുന്നതോടെ പ്രവൃത്തിക്കാതെയാവും.

ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെതന്നെ നേരിട്ട് ഉപഗ്രഹങ്ങള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ പുത്തന്‍ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.

ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ കടലിലെ ഏത് ഭാഗത്തുനിന്നും ഉപഗ്രഹത്തില്‍ നിന്നും നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഈ പുത്തന്‍ സാങ്കേതിക വിദ്യ നിര്‍മ്മിച്ചത് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ സര്‍വ്വീസസും എയര്‍പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യയും ചേര്‍ന്നാണ്.

‘ഗഗന്‍’ അഥവാ ജി.പി.എസ് – എയ്ഡഡ് ജിയൊ ഓഗ്മെന്റഡ് നാവിഗേഷന്‍ എന്ന പേരിട്ടിരിക്കുന്ന ഈ സംവിധാനം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുത്തിരിക്കുന്നത് കേരള ഫിഷറീസ് സര്‍വ്വകലാശാലയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാവുന്ന ഈ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കുഫോസിലെ അസിസ്റ്റന്റ് പ്രൊഫസറും റിസേര്‍ച്ച് പ്രോജക്റ്റ് ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ.എസ്.എം റാഫി പറയുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന ജി.പി.എസ് സംവിധാനം ഇന്റര്‍നെറ്റ് ഇല്ലാതെയാകുന്നതോടുകൂടി പ്രവര്‍ത്തന സജ്ജമാകാറില്ലെന്നാണ് മത്സ്യത്തൊഴിലാളിയായ അബ്ദുള്‍ ഗഫൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ‘ ഇങ്ങനെ ഒരു കാര്യം വരുന്നുണ്ടെങ്കില്‍ നല്ലതാണ് പലപ്പോഴും ജി.പി.എസ് ഒന്നും ഉപയോഗിക്കാന്‍ കഴിയാില്ല. ഒരു ദൂരം കഴിഞ്ഞാല്‍ പിന്നെ മനക്കണക്കാണ്’ ഗഫൂര്‍ പറയുന്നു.

‘ഗഗന്‍’ സാങ്കേതിക വിദ്യ വരുന്നതോടുകൂടി കടലില്‍ ഏത് ഭാഗത്താണ് മീനുകള്‍ ധാരാളമുള്ളതെന്നും കടല്‍ക്ഷോഭം, കാലാവസ്ഥ. സുനാമി മുന്നറിയിപ്പുകളും മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണിലൂടെ അറിയാന്‍ സാധിക്കുമെന്നാണ് കൂഫോസ് അധികൃതര്‍ പറയുന്നത്.

നിലവില്‍ നാല് കിലോമീറ്റര്‍ കരയില്‍ നിന്ന് പോയാല്‍ പിന്നെ ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ പുതിയ പദ്ധതിപ്രകാരം. ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ ഈ ബുദ്ധിമുട്ട് ഇല്ലാതാവും.

ഡോംഗിള്‍ പോലുള്ള ഉപരണങ്ങള്‍ ബോട്ടുകളില്‍ ഉപയോഗിച്ചാണ് ‘ഗഗന്‍’ ഉപയോഗിക്കുന്നത്, ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ ഡോംഗിള്‍ വഴിയാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുക.

അതേസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ പലരും ഇപ്പോഴും ജി.പി.എസ് പോലും ഉപയോഗിക്കാറില്ലെന്നാണ് ഗഫൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. പലപ്പോഴും ടെക്‌നിക്കല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ മടിയാണ് എന്നും അദ്ദേഹം പറയുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും ഇത് ഒരുപോലെ ഉപകാരപ്പെടുമെന്നാണ് ഡോ.എസ്.എം റാഫി പറയുന്നത്. നിലവില്‍ കൊച്ചിയിലെ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ‘ഗഗന്‍’ നല്‍കാനാണ് തീരുമാനം. ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും ഉപകരണം വ്യാപകമായി ഉപയോഗിക്കുക.

ഒരു വര്‍ഷത്തിന് ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് വ്യാപകമായി ഈ ഉപകരണം നല്‍കുന്നതോടെ മത്സ്യബന്ധനം കൂടുതല്‍ സുഖമാക്കാനും ഇന്ധന ചിലവും സമയ നഷ്ടവും ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

DoolNews Video