ഒട്ടാവ: ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രഈലിന് പിന്തുണയുമായി ജി7 ഉച്ചകോടി. പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ആഹ്വാനം ചെയ്തുകൊണ്ട് സമ്മേളനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇസ്രഈലിനുള്ള പിന്തുണ. ഇന്നലെ (തിങ്കള്‍) വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിലെ വിവരങ്ങള്‍ ഇപ്പോഴാണ് ചര്‍ച്ചയാകുന്നത്.
ഇസ്രഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ലോകനേതാക്കള്‍ പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തെയും രാജ്യത്തിന്റെ സുരക്ഷയെയും പൂര്‍ണമായും പിന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ പാടില്ലെന്ന നിലപാട് ജി7 രാജ്യങ്ങളും ആവര്‍ത്തിച്ചു.
#G7 leaders’ statement on recent developments between Israel and Iran.
ജി7 രാജ്യങ്ങളായ യു.എസ്, യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച ആരംഭിച്ച ഉച്ചകോടി സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, ബ്രസീല്‍, മെക്‌സിക്കോ, ഉക്രൈൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡയിലെത്തിയിട്ടുണ്ട്
ഇറാന്‍-ഇസ്രഈല്‍ വെടിനിര്‍ത്തലിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഉച്ചകോടിയുടെ രണ്ടാമത്തെ ദിവസമായ ഇന്ന് (ചൊവ്വ) തന്നെ ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്ന് മടങ്ങുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചിരുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് ട്രംപ് ഉടനെ മടങ്ങുന്നത് എന്നതില്‍ കരോലിന്‍ വിശദീകരണം നല്‍കിയിട്ടില്ല. ട്രംപ് തിരിച്ചെത്തിയ ശേഷം വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേരാനും തീരുമാനമുണ്ട്.
Content Highlight: G7 nations support Israel in attack on Iran