ജി20 ഉച്ചകോടി; ട്രംപ് ബഹിഷ്കരിക്കും, മോദി പങ്കെടുക്കും: പരിഹസിച്ച് ജയറാം രമേശ്
India
ജി20 ഉച്ചകോടി; ട്രംപ് ബഹിഷ്കരിക്കും, മോദി പങ്കെടുക്കും: പരിഹസിച്ച് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2025, 2:42 pm

ന്യൂദൽഹി: ഈ വർഷത്തെ ജി20 ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബഹിഷ്‌ക്കരിക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

ജോഹന്നാസ്ബർഗിലാണ് ഈ വർഷത്തെ ജി20 ഉച്ചകോടി നടക്കുന്നത്. ട്രംപ് ഉച്ചകോടി ബഹിഷ്കരിക്കുന്നതിനാൽ മോദിക്ക് സുരക്ഷിതമായി പരിപാടിയിൽ പങ്കെടുക്കാമെന്ന് ജയറാം രമേശ് പറഞ്ഞു.

ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി അടുത്തിടെ ക്വാലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു ജയറാം രമേശിന്റെ പരിഹാസം.

‘പ്രധാനമന്ത്രി ഇന്നും നാളെയും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20യിൽ പങ്കെടുക്കുന്നുണ്ട്. ട്രംപ് ഉച്ചകോടി ബഹിഷ്കരിക്കുന്നതിനാലാണ് അദ്ദേഹം സുരക്ഷിതമായി ഇതിൽ പങ്കെടുക്കുന്നത്. ട്രംപിനെ മുഖാമുഖം കാണേണ്ടി വരുമെന്നതിനാൽ അടുത്തിടെ ക്വാലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പോയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ ന്യൂനപക്ഷത്തെ വംശീയമായി പീഡിപ്പിക്കുന്നതാരോപിച്ച് ഈ വർഷത്തെ ജി20 ഉച്ചകോടി യു.എസ് ബഹിഷ്കരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ജി20 അധ്യക്ഷ സ്ഥാനം വർഷം തോറും മാറിവരുമെന്നും ജയറാം ചൂണ്ടിക്കാട്ടി. അടുത്ത ഉച്ചകോടി യു.എസിൽ വെച്ചായിരിക്കുമെന്നും അപ്പോഴേക്കും ഇന്ത്യയുടെ വ്യാപാര കരാർ പൂർത്തിയാകുമെന്നും ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ നിർത്തിവെക്കാൻ ഇടപെട്ടുവെന്ന് ട്രംപ് 61 തവണ അവകാശപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത 12 മാസത്തിനിടയിൽ എത്ര തവണ ആ അവകാശവാദങ്ങൾ വീണ്ടുമാവർത്തിക്കുമെന്നത് സങ്കൽപ്പിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഫ്രിക്കയിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ദക്ഷിണാഫ്രിക്കയിലേത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോളാണ് ആഫ്രിക്കൻ യൂണിയൻ ജി 20 അംഗമായത്.

അതേസമയം ജോഹാന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിവിധ ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മോദി എക്സിൽ പറഞ്ഞിരുന്നു.

ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും മോദി സംസാരിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചിരുന്നു.

Content Highlight: G20 Summit; Trump will boycott, Modi will attend: Jairam Ramesh mocks