യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, ഭൂമിയില്‍ ശ്രീ വിനായക ഗുരുവിന് നീലപ്പുകച്ചുരുള്‍ പ്രണാമം: വിനായകനെതിരെ ജി. വേണുഗോപാല്‍
Malayalam Cinema
യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, ഭൂമിയില്‍ ശ്രീ വിനായക ഗുരുവിന് നീലപ്പുകച്ചുരുള്‍ പ്രണാമം: വിനായകനെതിരെ ജി. വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th August 2025, 11:20 am

ഗായകന്‍ കെ.ജെ. യേശുദാസിനും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരെ നടന്‍ വിനായകന്‍ പങ്കുവെച്ച പോസ്റ്റ് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസ് നടത്തിയ പരാമര്‍ശത്തെയാണ് വിനായകന്‍ വിമര്‍ശിച്ചത്. വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറയുന്നത് അസഭ്യമാകാതിരിക്കില്ല എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.

ഇപ്പോഴിതാ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍. കേരളത്തില്‍ പഴയ ബിംബങ്ങളെ തച്ചുടച്ച് പുതിയത് നിര്‍മിക്കുന്ന തിരക്കിലാണ് നമ്മളെന്ന് പറഞ്ഞുകൊണ്ടാണ് വേണുഗോപാല്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന കരിങ്കല്‍ ഭിത്തിയില്‍ തട്ടി ഒട്ടുമിക്ക പ്രശസ്തര്‍ക്കും അടി പതറുന്നുവെന്നും അദ്ദേഹം പറയുന്നു.

 

കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന സോഷ്യല്‍ മീഡിയ തൊഴിലാളികള്‍ അവരെ വെട്ടിവീഴ്ത്തുമെന്നും ആ മുറിവുണങ്ങാനുള്ള സമയം പോലും നല്‍കാതെ മീഡിയ ക്യാമറകള്‍ അവരെ ശരശയ്യയില്‍ കിടത്തുന്നുവെന്നും വേണുഗോപാല്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

ഒരു ആയുഷ്‌കാലം മുഴുവന്‍ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്റെയും നെറുകയില്‍ സിന്ദൂരതിലകമായി ചാര്‍ത്തിയ അവരെ നിഷ്‌കരുണം വേട്ടയാടുകയും അസഭ്യം കൊണ്ട് മൂടുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ‘മാനവികതയില്‍ നിന്ന് മനുഷ്യനെ അകറ്റിനിര്‍ത്തുന്നതാണ് പൊളിറ്റിക്കല്‍ കറക്ട്‌നെസ്’ എന്ന ജോര്‍ജ് കാര്‍ലിന്റെ വാക്കുകളും വേണുഗോപാല്‍ പങ്കുവെച്ചു.

കേരളം കണ്ട ഏറ്റവും വലിയ കലാവിപ്ലവകാരി യേശുദാസാണെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടിക് സംഗീതത്തില്‍ ബ്രാഹ്‌മണ്യം കൊടികുത്തി വാഴുന്ന സമയത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ട് മാത്രം ഒരു പാവം ലത്തീന്‍ കത്തോലിക്കന്‍ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചെന്നും വേണുഗോപാല്‍ പറയുന്നു.

സംഗീതത്തിന്റെ ഉയരങ്ങളിലേക്ക് കയറാന്‍ യേശുദാസ് ഉപേക്ഷിച്ച വസ്തുക്കള്‍ അമിതമായി ഉപയോഗിച്ച് അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാര്‍ക്ക് അദ്ദേഹത്തിന്റെ കഷ്ടപ്പാട് മനസിലാകില്ലെന്നും പോസ്റ്റില്‍ പറയുന്നു. യേശുദാസിനെ പാട്ടുകാരനായി മാത്രം കണ്ടാല്‍ മതിയെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവായി കാണുന്നിടത്താണ് പ്രശ്‌നമെന്നും വേണുഗോപാല്‍ പറഞ്ഞു.

യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ലെന്നും അദ്ദേഹം യേശുദാസാകുന്ന ഇടത്താണ് കേരളത്തിന്റെ സംഗീതം സുവര്‍ണ കാലഘട്ടത്തിലെത്തിയതെന്ന് മറക്കാതിരിക്കാനും വേണുഗോപാല്‍ ഓര്‍മപ്പെടുത്തി. അത്യുന്നതങ്ങളില്‍ അംബേദ്കര്‍, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, നാരായണഗുരു എന്നിവര്‍ക്ക് മഹത്വവും ഭൂമിയില്‍ വിനായകഗുരുവിന് നീല പുകച്ചുരുള്‍ പ്രണാമം എന്നും പറഞ്ഞുകൊണ്ടാണ് വേണുഗോപാല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content Highlight: G Venugopal reacts to Vinayakan and supporting Yesudas