സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന് ചെറുപ്രായത്തില്‍ തന്നെ തന്റെ കഴിവ് തെളിയിച്ചയാളാണ് ജി.വി. പ്രകാശ് കുമാര്‍. എ.ആര്‍. റഹ്‌മാന്റെ സഹോദരിയുടെ മകനായ ജി.വി. പ്രകാശ് വെയില്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് കരിയര്‍ ആരംഭിച്ചത്. തമിവിലും തെലുങ്കിലും ഹിന്ദിയിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമകാന്‍ ജി.വി.പിക്ക് സാധിച്ചു.
സൂരറൈ പോട്രിലൂടെ കരിയറിലെ ആദ്യ നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കിയ ജി.വി. പ്രകാശ് ഈ വര്‍ഷവും ദേശീയ അവാര്‍ഡ് വേദിയില്‍ തിളങ്ങി. വാത്തിയിലെ സംഗീതത്തിന് കരിയറിലെ രണ്ടാമത്തെ ദേശീയ അവാര്‍ഡും സ്വന്തമാക്കാന്‍ ജി.വിക്ക് സാധിച്ചു. അഭിനേതാവെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച ജി.വി പ്രകാശ് തമിഴ് സിനിമയിലെ പുതിയ ട്രെന്‍ഡായ വിന്റേജ് ഗാനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.
അതെല്ലാം സംവിധായകന്റെ തീരുമാനമാണെന്ന് ജി.വി. പ്രകാശ് പറഞ്ഞു. കമ്പോസറിന് അതില്‍ യാതൊരു പങ്കുമില്ലെന്നും നൊസ്റ്റാള്‍ജിയ എന്ന ഫാക്ടറിന് വേണ്ടി സംവിധായകന്‍ ചെയ്യുന്ന കാര്യമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യൂസിക് ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ജി.വി. പ്രകാശ് കുമാര്‍.
‘എന്നോട് ചോദിച്ചാല്‍ ഞാന്‍ അതിന് സമ്മതിക്കില്ല. പഴയ ഏതെങ്കിലും പാട്ട് സീനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം ചോദിച്ചാല്‍ ഞാന്‍ അതിനോട് യോജിക്കില്ല. പഴയ പാട്ടുകള് വെക്കാന്‍ ഒരിക്കലും ഞാന്‍ സമ്മതിക്കാറില്ല. എന്റെ അറിവില്ലാതെയാണ് പല പാട്ടുകളും വെച്ചിട്ടുള്ളത്. സിനിമ റിലീസായി കഴിയുമ്പോഴാകും ഞാന്‍ അത് കാണുക.
എന്റെ കണ്‍ട്രോളിലുള്ളപ്പോള്‍ ഞാന്‍ ഇതിനോട് നോ എന്ന് തന്നെയാണ് പറയാറുള്ളത്. സ്വന്തമായി ഒരുപാട് പാട്ടുകള്‍ ഉണ്ടാക്കി വെക്കുമ്പോള്‍ എന്തിനാണ് പഴയ പാട്ടുകള്‍ എടുത്ത് വെക്കുന്നത്? ഞാന്‍ അത് പ്രിഫര്‍ ചെയ്യില്ല. പഴയ പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കാന്‍ എനിക്ക് ഇഷ്ടമല്ല. കമ്പോസറിനെക്കാള്‍ അതിന്റെ പൂര്‍ണ അധികാരം സംവിധായകനാണ്,’ ജി.വി. പ്രകാശ് കുമാര്‍ പറയുന്നു.
പല സംവിധായകരും കഥ പറയുമ്പോഴും ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഉണ്ടാക്കുമ്പോഴും പഴയ പാട്ട് ഉള്‍പ്പെടുത്തുമെന്ന കാര്യം പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥക്ക് ആവശ്യമില്ലാതെയാണ് ഇപ്പോള്‍ പല സംവിധായകരും അത്തരത്തില്‍ പഴയ പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ജി.വി പ്രകാശ് കുമാര്‍ പറഞ്ഞു.
Content Highlight: G V Prakash Kumar shares his opinion on using of vintage songs in new movies