അമ്പലപ്പുഴയില്‍ ഇടതിന് തിരിച്ചടി; ജി. സുധാകരന്‍ വമ്പന്‍ ലീഡില്‍
Kerala
അമ്പലപ്പുഴയില്‍ ഇടതിന് തിരിച്ചടി; ജി. സുധാകരന്‍ വമ്പന്‍ ലീഡില്‍
ശ്രീരാഗ് പാറക്കല്‍
Monday, 4th May 2026, 10:55 am

ആലപ്പുഴ: അമ്പലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായ എച്ച്. സലാമിനെ പിന്നിലാക്കി ജി. സുധാകരന്‍. 2766 വോട്ടുകള്‍ക്കാണ് ജി. സുധാകരന്‍ ലീഡ് തുടരുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും എച്ച്. സലാമിനെ പിന്നിലാക്കി ലീഡ് നേടാന്‍ സുധാകരന് സാധിച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി അരുണ്‍ അനിരുദ്ധനും പിന്നിലാണ്.

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മണ്ഡലങ്ങളിലൊന്നായിരുന്നു അമ്പലപ്പുഴ. ജി. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കും വിവാദങ്ങളും തുടങ്ങിയത്.

സമീപകാലത്തായി അമ്പലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ ഭിന്നതകളും സീറ്റ് നിഷേധിച്ചതുമാണ് സുധാകരന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ കാരണമായത്.

എന്നാല്‍ വോട്ടെണ്ണലില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന അമ്പലപ്പുഴയില്‍ ഇത്തവണ യു.ഡി.എഫ് സ്വതന്ത്ര പാളയത്തില്‍ ജി. സുധാകരന്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തുന്നത്.

മൂന്ന് തവണ അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച ജി. സുധാകരന് ഇപ്പോഴും വലിയ ജന പിന്തുണ മണ്ഡലത്തിലുണ്ട്. 2006, 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പതിനായിരത്തിലധികം വോട്ടുകളുടെ പിന്‍ബലത്തിലാണ് ജി. സുധാകരന്‍ ജയിച്ച് കയറിയത്.

2026 കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആഞ്ഞടിച്ച് യു.ഡി.എഫ് തരംഗമാണ്. നിലവില്‍ 90ലധികം സീറ്റുകളില്‍ ലീഡുമായാണ് യു.ഡി.എഫ് ഇടതിനെ ഞെട്ടിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മികച്ച പ്രകടനമാണ് ഐക്യജനാധിപത്യ മുന്നണി കാഴ്ചവെക്കുന്നത്.

തങ്ങളുടെ പരമ്പരഗാത മണ്ഡലങ്ങള്‍ക്ക് പുറമെ ഇടതിന്റെ ശക്തിദുര്‍ഗങ്ങളിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണ്. കോഴിക്കോടും കൊല്ലവുമടക്കമുള്ള ഇടതുകോട്ടകളില്‍ യു.ഡി.എഫ് ആധിപത്യം തുടരുകയാണ്.

2001ന് ശേഷം ഒറ്റ കോണ്‍ഗ്രസ് എം.എല്‍.എമാരെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്ത കോഴിക്കോട് ജില്ലയില്‍ ഇടതിന്റെ ശക്തികേന്ദ്രങ്ങളായ ബാലുശ്ശേരി, നാദാപുരം എന്നിവിടങ്ങളിലടക്കം കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ്. ഒപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മത്സരിച്ച പേരാമ്പ്രയിലടക്കം യു.ഡി.എഫാണ് ആധിപത്യം പുലര്‍ത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിനെ കൈവിടാതെ ചേര്‍ത്തുനിര്‍ത്തിയ കൊല്ലവും ഇത്തവണ യു.ഡി.എഫിന് കൈകൊടുത്തു.

ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരും പിന്നില്‍ തന്നെയാണ്. വീണ ജോര്‍ജ്, പി. രാജീവ്, വി. ശിവന്‍കുട്ടി അടക്കമുള്ള മന്ത്രിമാരും പിന്നിലാണ്. അതേസമയം, ആദ്യ ഘട്ടത്തില്‍ വി.ഡി. സതീശന്‍ പിന്നില്‍ പോയത് മാത്രമാണ് യു.ഡി.എഫിന് ചെറുതെങ്കിലുമുള്ള നിരാശ സമ്മാനിച്ചത്.

നിലവില്‍ ഏറ്റവുമധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ഒറ്റകക്ഷിയും കോണ്‍ഗ്രസാണ് എന്നതാണ് ശ്രദ്ധേയം. 50 സീറ്റുകളിലാണ് നിലവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

സി.പി.ഐ.എം നിലവില്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ മുസ്‌ലിം ലീഗ് 20 സീറ്റുകളിലും സി.പി.ഐ 14 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

Content Highlight: G Sudhakaran takes the lead, leaving behind Ambalapuzha H Salam

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ