തലശ്ശേരി-മാഹി പാലത്തിന്റെ തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെയുള്ള നീക്കം ദുരുദ്ദേശപരം; കണക്കുകള്‍ നിരത്തി ജി. സുധാകരന്‍
Kerala News
തലശ്ശേരി-മാഹി പാലത്തിന്റെ തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെയുള്ള നീക്കം ദുരുദ്ദേശപരം; കണക്കുകള്‍ നിരത്തി ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th August 2020, 10:12 am

തിരുവനന്തപുരം: നിര്‍മാണം നടന്നുകൊണ്ടിരിക്കെ തലശ്ശേരി മാഹി-ബൈപ്പാസ് പാലം തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തലശ്ശേരി-മാഹി പാലത്തിന്റെ ഗര്‍ഡറുകളുടെ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ കെട്ടിവെക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ദുരുദ്ദേശ പരമാണെന്ന് ജി. സുധാകരന്‍ പറഞ്ഞു. ഈ പാലത്തിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പൂര്‍ത്തിയായ കൊല്ലം ബൈപ്പാസും 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാവുന്ന ആലപ്പുഴ ബൈപ്പാസും കേന്ദ്രവും സംസ്ഥാനവും 50:50 നിരക്കില്‍ മുതല്‍ മുടക്കുള്ളതും നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പുമാണ്.

തലശ്ശേരി-മാഹി ബൈപ്പാസടക്കം ബാക്കി എല്ലാ പ്രോജക്ടുകളും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എന്‍.എച്ച്.എ.ഐ ആണ് നിര്‍വഹിച്ച് വരുന്നത്. പദ്ധതിയുടെ ഡിസൈന്‍, ഡി.പി.ആര്‍, ടെണ്ടര്‍, അടങ്കല്‍, കരാര്‍ നിര്‍വ്വഹണം മേല്‍നോട്ടം, നടപടി സ്വീകരിക്കല്‍, തുടങ്ങിയവയ്‌ക്കെല്ലാം പൂര്‍ണാധികാരം എന്‍.എച്ച്.എ.ഐയില്‍ നിക്ഷിപ്തമാണ്. ഭൂമി കണ്ടെത്തി നല്‍കുക എന്നത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

എന്‍.എച്ച്.എ.ഐയുടെ ചുമതലയിലുള്ള പാലത്തില്‍ നടന്ന അപകടത്തിനും ധര്‍മ്മടത്തു നിന്നും ജനങ്ങളുടെ അംഗീകാരം വാങ്ങി വിജയിച്ച ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരും പൊതുമരാമത്ത് വകുപ്പുമാണെന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എച്ച്.എ.ഐക്ക് 27/8/2020 വൈകിട്ട് ഫോട്ടോഗ്രഫുകള്‍ സഹിതം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍ത്തിയിരുന്ന 4 ഗര്‍ഡറുകളില്‍ ഒന്നിന് വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും നല്‍കിയിരുന്ന സപ്പോര്‍ട്ട് (ഊന്നുകള്‍) തെന്നിമാറിയതും അത് സമാന്തരമായി നിര്‍മിച്ചിരുന്ന മറ്റ് ഗര്‍ഡറുകള്‍ക്ക് മീതെ വീണതുമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിര്‍മ്മാണ സ്ഥലത്തെ എന്‍.എച്ച്.എ.ഐയുടെ ടീം ലീഡര്‍ ശ്രീ. പ്രകാശ് ജി ഗവാന്‍കര്‍ കോഴിക്കോടുള്ള എന്‍.എച്ച്.എ.ഐയുടെ പ്രോജക്ട് ഡയറക്ടര്‍ക്ക് അയച്ച കത്തിലും എന്‍.എച്ച്.എ.ഐയുടെ കേരള മേധാവിയുടെ കണ്ടെത്തലുകള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും പറയുന്നു.

ധര്‍മ്മടം നദിക്ക് മുകളിലാണ് പാലമെന്നതിനാലും ധര്‍മ്മടത്തെ ജനപ്രതിനിധി മുഖ്യമന്ത്രിയായതിനാലും അദ്ദേഹമാണ് ഉത്തരവാദി എന്ന നിലയില്‍ അടിസ്ഥാന രഹിതമായ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷം പ്രബുദ്ധ കേരളത്തിനു മുന്നില്‍ മാത്രമല്ല സാമാന്യ ബോധമുള്ള ഭാരത സമൂഹത്തിന് മുന്‍പിലാകെയും അപഹാസ്യരാവുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഭരണഘടനാപരമായ നിരക്ഷരതയും സാങ്കേതികമായ നിരക്ഷരതയും പ്രകടിപ്പിക്കുക വഴി സമചിത്തത പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടുവെന്ന് മലയാളികളെകൊണ്ട് പറയിപ്പിക്കുന്ന തരത്തിലാണ് ബഹു. മുഖ്യമന്ത്രിയെ പറ്റിയും കേന്ദ്ര നിര്‍മാണത്തെപ്പറ്റിയും പ്രതിപക്ഷത്തിന്റെയും ഉണ്ടയില്ലാ വെടികളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: G sudhakaran gives explanation on Mahe bypass bridge collapsed