പണിയെടുക്കാന്‍ ആരുമില്ല, പോസ്റ്ററുകള്‍ കെട്ടിക്കിടക്കുന്നു; ബി.ജെ.പി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ജി. കൃഷ്ണകുമാര്‍
Kerala News
പണിയെടുക്കാന്‍ ആരുമില്ല, പോസ്റ്ററുകള്‍ കെട്ടിക്കിടക്കുന്നു; ബി.ജെ.പി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ജി. കൃഷ്ണകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 9:47 pm

കൊല്ലം: ബി.ജെ.പി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോട് ജില്ലാ നേതൃത്വം സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അച്ചടിച്ചിറക്കിയ പോസ്റ്ററുകള്‍ എല്ലാം കെട്ടികിടക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

സ്വന്തം നിലയ്ക്ക് താന്‍ അച്ചടിച്ച പോസ്റ്ററുകള്‍ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ലെന്നും ഈ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വം ഇടപ്പെട്ടിട്ടുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ എത്തിയ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പിന്നാലെ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

വോട്ട് ചോദിക്കാനെന്ന് പറഞ്ഞ് എത്തിയ കൃഷ്ണകുമാര്‍ ക്യാമ്പസില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേയില്‍ സമ്മാന ദാനം നടത്താന്‍ മുതിരുകയായിരുന്നു. ഈ നീക്കത്തെയാണ് എസ്.എഫ്.ഐ തടഞ്ഞതെന്ന് യൂണിറ്റ് സെക്രട്ടറി പറഞ്ഞിരുന്നു. കൃഷ്ണകുമാറിന് വോട്ട് ചോദിക്കാം എന്നാല്‍ കോളേജിലെ ഔദ്യോഗിക പരിപാടിയില്‍ സമ്മാന ദാനം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് യൂണിറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

കൊടി തോരണങ്ങളുമായി ക്യാമ്പസില്‍ എത്തുകയും തങ്ങളെ ഉപദ്രവിക്കുകയും ചെയ്ത 30ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചിരുന്നു.

Content Highlight: G. Krishna Kumar complained against the BJP Kollam district leadership