അപ്പുറത്ത് ക്യാപ്റ്റന്‍ തൊണ്ടപൊട്ടിക്കുമ്പോള്‍ ദേ ഇവിടെ... ഇമ്മാതിരി ഒരു പെയറിനെ ക്രിക്കറ്റില്‍ കാണാന്‍ കിട്ടില്ല; കുല്‍ച ഈസ് ലവ്
Sports News
അപ്പുറത്ത് ക്യാപ്റ്റന്‍ തൊണ്ടപൊട്ടിക്കുമ്പോള്‍ ദേ ഇവിടെ... ഇമ്മാതിരി ഒരു പെയറിനെ ക്രിക്കറ്റില്‍ കാണാന്‍ കിട്ടില്ല; കുല്‍ച ഈസ് ലവ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 9:19 am

ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും തമ്മിലുള്ള ആത്മബന്ധവും ഫ്രണ്ട്ഷിപ്പും ക്രിക്കറ്റ് ആരാധകര്‍ക്കിടിയില്‍ സുപരിചിതമാണ്.

പരസ്പരം ക്രിക്കറ്റ് സ്‌കില്ലുകള്‍ മെച്ചപ്പെടുത്തിയും തമാശകളൊപ്പിച്ചും ഇരുവരും ഇന്ത്യന്‍ ടീമിലെ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവരുമാണ്. ഇന്ത്യന്‍ ടീമില്‍ ചഹലിന് കുല്‍ദീപിനോളം പ്രിയപ്പെട്ട ആരും തന്നെ കാണില്ല. അതുകൊണ്ടുതന്നെ കുല്‍ദീപിനെ വെറുപ്പിക്കാനും ദേഷ്യം പിടിപ്പിക്കാനും ചഹലിന് ഏറെ ഇഷ്ടവുമാണ്.

ഇരുവരും തമ്മിലുള്ള രസകരമായ മറ്റൊരു മൊമെന്റും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രെസന്റേഷനിടെയായിരുന്നു സംഭവം നടന്നത്.

ഹര്‍ഷ ഭോഗ്ലെ രോഹിത് ശര്‍മയുമായി അഭിമുഖം നടത്തവെ ചഹല്‍ കുല്‍ദീപിനെ ‘വെറുപ്പിച്ചുകൊണ്ടേയിരിക്കുകയായിരുന്നു’. താരത്തിന്റെ ചെവി പിടിച്ചുവലിച്ചും കെട്ടിപ്പിടിച്ചുമൊക്കെയാണ് ചഹല്‍ കുല്‍ദീപിനെ സ്‌നേഹിച്ചത്.

കുല്‍ദീപ് സിറാജുമായി സംസാരിച്ചുകൊണ്ടിരിക്കവെ പിന്നിലൂടെയെത്തിയ ചഹല്‍ രണ്ട് കൈകള്‍ കൊണ്ടും താരത്തിന്റെ ചെവി പിടിച്ചുവലിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാവുന്നുണ്ട്.

ഇന്‍ഡോറില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇരുവരും മികച്ച ബൗളിങ് പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്. കുല്‍ദീപ് ഒമ്പത് ഓവറില്‍ 62 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹല്‍ 7.2 ഓവറില്‍ 43 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

ഹെന്റി നിക്കോള്‍സ്, മൈക്കല്‍ ബ്രേസ്വെല്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെ കുല്‍ദീപ് മടക്കിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറെയും ജേകബ് ഡഫിയെയും ചഹലും പുറത്താക്കി.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡിനെയും ഇംഗ്ലണ്ടിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി.

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയാണ് ഇനി ഇന്ത്യയുടെ മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജനുവരി 27നാണ്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലക്‌സ് ആണ് വേദി.

Content highlight: Funny moments of Kuldeep Yadav and Yuzvendra Chahal goes viral