ഞങ്ങളവനെ മജീഷ്യന്‍ എന്നാണ് വിളിക്കുന്നത്; 'വരുന്നു, മാജിക് കാണിക്കുന്നു പോകുന്നു'; യുവതാരത്തെ കുറിച്ച് രോഹിത്
Sports News
ഞങ്ങളവനെ മജീഷ്യന്‍ എന്നാണ് വിളിക്കുന്നത്; 'വരുന്നു, മാജിക് കാണിക്കുന്നു പോകുന്നു'; യുവതാരത്തെ കുറിച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 8:40 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മെന്‍ ഇന്‍ ബ്ലൂവിനായി തിളങ്ങിയത് യുവതാരങ്ങളായിരുന്നു. പരിചയ സമ്പന്നരായ സീനിയര്‍ താരങ്ങളെ ബാറ്റിങ്ങിലും ബൗളിങ്ങിലും കടത്തിവെട്ടിക്കൊണ്ടായിരുന്നു യുവതാരങ്ങള്‍ ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്.

പരമ്പരയിലെ അവസാന മത്സരത്തിലും യുവതാരങ്ങള്‍ തന്നെയായിരുന്നു ഇന്ത്യക്ക് കരുത്തായത്. ബാറ്റിങ്ങില്‍ ശുഭ്മന്‍ ഗില്ലും ബൗളിങ്ങില്‍ കുല്‍ദീപ് യാദവും ഷര്‍ദുല്‍ താക്കൂറും തിളങ്ങി. ഏറെ നാളുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടിയിരുന്നെങ്കിലും അതിനെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു യുവതാരങ്ങള്‍ നടത്തിയത്.

ഈ പ്രകടനം തന്നെയാണ് ഷര്‍ദുല്‍ താക്കൂറിനെ കളിയുടെ താരവും ഗില്ലിനെ പരമ്പരയുടെ താരവുമായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ മത്സരത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയാണ് ഷര്‍ദുല്‍ താക്കൂര്‍ കളിയുടെ താരമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 14 പന്തില്‍ 25 റണ്‍സ് നേടുകയും ചെയ്താണ് താക്കൂര്‍ കസറിയത്.

ആറ് ഓവര്‍ പന്തെറിഞ്ഞ് 45 റണ്‍സ് വഴങ്ങിയാണ് താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് താക്കൂറിന് മുമ്പില്‍ വീണത്.

കഴിഞ്ഞ ദിവസത്തെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഷര്‍ദുല്‍ താക്കൂര്‍ പ്ലാന്‍ അനുസരിച്ച് തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും അവന്‍ ഇനിയും മത്സരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു.

പോസ്റ്റ് മാച്ച് പ്രെസെന്റേഷനിടെയായിരുന്നു ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ നല്ല രീതിയില്‍ തന്നെ പന്തെറിഞ്ഞു. തയ്യാറാക്കിയ പ്ലാനുകളില്‍ തന്നെ ഉറച്ചു നിന്നു. ഷര്‍ദുല്‍ കുറച്ചു നാളുകളായി അത് മികച്ച രീതിയില്‍ തന്നെ ചെയ്യുന്നുണ്ട്.

ടീം അംഗങ്ങള്‍ അവനെ മജീഷ്യന്‍ എന്നാണ് വിളിക്കാറുള്ളത്. അവന്‍ ഒരിക്കല്‍ക്കൂടി ആ മാജിക് കാണിച്ചു. അവന് ഇനിയും അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്,’ രോഹിത് പറഞ്ഞു.

അതേസമയം, പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ചതിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

പരമ്പരയിലെ മൂന്ന് മത്സരങ്ങളും വൈറ്റ് വാഷ് ചെയ്തുകൊണ്ടാണ് ഇന്ത്യ സീരീസ് പിടിച്ചടക്കിയത്. ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്.

റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലക്‌സില്‍ വെച്ച് ജനുവരി 27നാണ് പരമ്പരയിലെ ആദ്യ മത്സരം.

 

Content Highlight: Rohit Sharma about Shardul Thakur