ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. സിനിമാലോകത്ത് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രധാന കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പമാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്.
പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പല തരത്തിലുള്ള ഡീകോഡിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്. ആദ്യ രണ്ട് ഭാഗത്തെ അപേക്ഷിച്ച് ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഇത്തവണ ഐക്യമുണ്ടാകില്ലെന്നാണ് പല വിദഗ്ധരും പോസ്റ്ററിലൂടെ അനുമാനിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ വൈറലായി ഡീകോഡിങ്ങാണ് എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കുന്നത്.
ഇതുവരെ വന്നതില്‍ വെച്ച് വ്യത്യസ്തമായൊരു ഡീകോഡിങ്ങാണിത്. മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ ദിന്‍ഷാദ് എന്ന ഐ.ഡിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ജോര്‍ജുകുട്ടി ധരിച്ചിരിക്കുന്ന ഷര്‍ട്ട് മുതല്‍ റാണിയുടെ മേക്കപ്പ് വരെ ഡീക്കോഡ് ചെയ്തിട്ടുണ്ട്. പോസ്റ്ററില്‍ ജോര്‍ജുകുട്ടി കള്ളി ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നതെന്നും കുടുംബത്തില്‍ എല്ലാവരും കള്ളികളാണെന്നുള്ളതിന്റെ സിമ്പോളിക് ആയി പറയുന്നതുപോലെ തോന്നിയതെന്നുമാണ് ആദ്യ പോയിന്റ്.
റാണി ധരിച്ച സാരിയാണ് അടുത്ത ഹൈലൈറ്റ്. കാവി നിറമുള്ള സാരി ധരിച്ചതോടെ റാണിയുടെ അനിയന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതായി അനുമാനിക്കാമെന്നും റാണി ബി.ജെ.പി അനുഭാവിയായെന്ന് പറയാതെ പറയുകയാണെന്നുമാണ് അടുത്ത പോയിന്റ്. പോസ്റ്ററില്‍ ഓരോ കഥാപാത്രങ്ങളും ഓരോ ദിശയിലേക്കാണ് നോക്കുന്നതെന്നും സി.സി.ടി.വിയെപ്പോലെ എല്ലാ ദിശയില്‍ നിന്നും വീടിനെ മോണിറ്റര്‍ ചെയ്യുകയാണ് അര്‍ത്ഥമെന്നും പോസ്റ്റില്‍ പറയുന്നു.
കുടുംബത്ത് ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ റാണിയുടെ മേക്കപ്പിന്റെയും ഹെയര്‍ സ്റ്റൈലിങ്ങിന്റെയും ചെലവ് താങ്ങാനാകുന്നില്ലെന്നും അതിനിടയിലൂടെ തന്റേ താടി സെറ്റ് ചെയ്യാനുമുള്ള ചെലവ് ജോര്‍ജുകുട്ടിയെ അലട്ടുന്നതായി മുഖത്ത് കാണാമെന്നുമാണ് അടുത്ത പോയിന്റ്. പോസ്റ്ററില്‍ രണ്ടുവട്ടം ആന്റണി പെരുമ്പാവൂരിന്റെ പേര് എഴുതിയതിനാല്‍ അയാള്‍ ഡബിള്‍ റോളായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാല്‍ പോസ്റ്റിനെക്കാള്‍ രസകരമായ കമന്റുകളാണ് പലരും പങ്കുവെക്കുന്നത്.
ആരോ ബൈനോക്കുലറിലൂടെ നോക്കുന്നതുപോലെയാണ് പോസ്റ്ററെന്നും മുരളി ഗോപി ബൈനോക്കുലറിലൂടെ നോക്കുന്നതാകാമെന്നും നോയല്‍ തോമസ് എന്ന ഐ.ഡി കമന്റ് പങ്കുവെച്ചു. പോസ്റ്ററിന്റെ ഡിസൈന്‍ മഞ്ഞനിറത്തിലായതിനാല്‍ കുടുംബത്തിലെ ഒരാള്‍ക്ക് മഞ്ഞപ്പിത്തം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും നോയല്‍ കമന്റില്‍ പറയുന്നു.
എന്നാല്‍ അത് മഞ്ഞപ്പിത്തമല്ലെന്നും ഐ.ജി ഗീത കുത്തിവെച്ച വൈറസാണെന്നും പിന്നീട് തിരിച്ചറിയുമെന്നും കമന്റില്‍ പറയുന്നുണ്ട്. ജോര്‍ജുകുട്ടിയെ ഇനിയും പിടിക്കാനാകാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് എല്ലാവരും തിരിച്ചറിയുമെന്നും എപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നുമാണ് മറ്റൊരു കമന്റ്.
ദൃശ്യം 3 എന്ന് എഴുതിയതുകൊണ്ട് ഇത് ദൃശ്യം 1, ദൃശ്യം 2 എന്നീ സിനിമകളുടെ തുടര്‍ച്ചയാണെന്ന് മനസിലാക്കാം, ഇംഗ്ലീഷില്‍ എഴുതിയതുകൊണ്ട് അയാള്‍ക്ക് വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ലെന്ന് മനസിലാക്കാമെന്നും മറ്റൊരു കമന്റുണ്ട്. ഏറെക്കാലത്തിന് ശേഷം എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച ഡീകോഡിങ്ങായി ഡാനിഷിന്റെ പോസ്റ്റ് മാറിയിരിക്കുകയാണ്.
Content Highlight: Funny decoding of Drishyam 3 movie is viral