ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കാരണമാണ് ഇന്ത്യയില്‍ എണ്ണവില കൂടുന്നത്: നിതിന്‍ ഗഡ്കരി
national news
ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കാരണമാണ് ഇന്ത്യയില്‍ എണ്ണവില കൂടുന്നത്: നിതിന്‍ ഗഡ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th March 2022, 7:55 am

മുംബൈ: ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കാരണമാണ് ഇന്ധന വില കൂടുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

‘ഇന്ത്യയില്‍ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം താന്‍ നടത്തുന്നുണ്ടെന്നും രാജ്യത്തിനായി ആവശ്യമായ ഇന്ധനം സ്വന്തമായി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ ഉതപാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഫ്‌ളെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്, അവ വരും മാസങ്ങളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഡീസല്‍ വില ലിറ്ററിന് 80 പൈസയാണ് വര്‍ധിപ്പിച്ചത്.

2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ വര്‍ധനവാണിത്. മാര്‍ച്ച് 22 മുതല്‍ മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2.40 രൂപയാണ് കൂട്ടിയത്. നിരക്ക് പരിഷ്‌ക്കരണത്തിലെ 137 ദിവസത്തെ റെക്കോര്‍ഡ് മാര്‍ച്ച് 22 ന് അവസാനിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ധിച്ചു.

Content Highlights: Fuel Prices Increasing Due To Russia-Ukraine War: Nitin Gadkari