ഇന്ധന വിലയില്‍ വര്‍ധനവ്; ഏപ്രില്‍ ഒന്ന് മുതല്‍ ആഘാതം ദൃശ്യമാകും: വ്യോമയാന മന്ത്രി
India
ഇന്ധന വിലയില്‍ വര്‍ധനവ്; ഏപ്രില്‍ ഒന്ന് മുതല്‍ ആഘാതം ദൃശ്യമാകും: വ്യോമയാന മന്ത്രി
അനിത സി
Sunday, 22nd March 2026, 8:25 am

ന്യൂദല്‍ഹി: ഏവിയേഷന്‍ ഇന്ധന(എ.ടി.എഫ്)വിലയിലെ വര്‍ധനവിന്റെ ആഘാതം ഏപ്രില്‍ ഒന്നുമുതല്‍ ദൃശ്യമാകുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു.

ഏപ്രില്‍ ഒന്ന് മുതല്‍ വിമാനക്കമ്പനികള്‍ ചെലവുചുരുക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

‘എ.ടി.എഫ് വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയാണ് തീരുമാനിക്കുന്നത്. അതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ അതിന്റെ ആഘാതം ദൃശ്യമായേക്കാം’ മന്ത്രി വിശദീകരിച്ചു. വിമാനക്കമ്പനികളുമായി നിലവില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഇന്ധനക്ഷാമം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പിടിമുറുക്കുകയാണെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.

വിമാനക്കമ്പനികളുടെ പ്രയാസം അംഗീകരിച്ചുകൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ വിമാനക്കമ്പനികളുമായും ഒന്നിലധികം മന്ത്രാലയങ്ങളുമായും സജീവമായ കൂടിക്കാഴ്ചകള്‍ നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.

സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ പശ്ചിമേഷ്യയിലടക്കം ഉറപ്പാക്കുകയെന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യമെന്നും അതിനായി വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവിലെ പ്രതിസന്ധി വ്യോമയാന മന്ത്രാലയത്തിന്റെ മാത്രമല്ല. സിവില്‍ ഏവിയേഷന്‍, വിദേശകാര്യം,പെട്രോളിയം-പ്രകൃതിവാതകം തുടങ്ങിയ എല്ലാ മന്ത്രാലയങ്ങളും ഒരുമിച്ചിരുന്ന് പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന യാത്രാനിരക്കുകളിലെ ആഘാതങ്ങളില്‍ നിന്നും യാത്രക്കാരെ സംരക്ഷിക്കുകയെന്നതിനാണ് മുന്‍ഗണനയെന്നും ചെയ്യാന്‍ സാധിക്കുന്ന മികച്ചത് ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, ഇന്ധന വിലയിലുണ്ടാകുന്ന വിലവര്‍ധനവിന് പിന്നാലെ രാജ്യത്തെ പ്രധാന ആഭ്യന്തര വിമാക്കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 399 രൂപ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രകള്‍ക്ക് ദൂരമനുസരിച്ച് 830 രൂപ മുതല്‍ ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങള്‍ക്ക് 16,600 രൂപ വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്ന ലെവികള്‍.

ഇന്‍ഡിഗോ 425 രൂപ മുതല്‍ 2,300 രൂപ വരെ ഇന്ധന സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകാശ എയര്‍ ദൂരത്തെ അടിസ്ഥാനമാക്കി ഒരു സെക്ടറിന് 199 രൂപ മുതല്‍ 1,300 രൂപ വരെയാണ് ഈടാക്കുന്നത്.

Content Highlight: Fuel price hike; Impact will be visible from April 1: Aviation Minister

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.