ഭോപ്പാല്‍ വിഷവാതക ദുരന്തമുണ്ടായ സമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ സി.ഇ.ഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സിനെയും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെയും ബ്ലൂംസ്ബര്‍ഗിന്റെ സി.ഇ.ഒ നിഗേല്‍ ന്യൂട്ടനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്.
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ തങ്ങളുടെ വാണിജ്യം കെട്ടിപ്പെടുക്കുന്ന അതേ മാനദണ്ഡങ്ങളിലൂടെയല്ല അവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണത്.
തങ്ങളുടെ ‘മുന്‍ കോളനികളായിരുന്നിടത്ത്’ സാമ്പത്തിക ലാഭത്തിന് വേണ്ടി എല്ലാ വ്യവസ്ഥകളും മറികടക്കുകയും പാശ്ചാത്യ രാജ്യങ്ങളിലെത്തുമ്പോള്‍ അവിടുത്തെ ഉപഭോക്താക്കള്‍ക്ക് അനുസൃതമായ തരത്തില്‍ ഉദാരവത്കരണം പ്രസംഗിക്കുകയുമാണ് അവര്‍ ചെയ്യുന്നത്.

ഫേസ്ബുക്ക്, ജനസമ്മിതിയുള്ള ഒരു ഏകാധിപതിയുമായി സഹകരിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വിദ്വേഷവും അക്രമവും പ്രേരിപ്പിക്കുന്നതും, കഴിഞ്ഞ ദശാബ്ദങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഒരു ആശയസംഹിത ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം പുറത്തിറക്കാന്‍ ബ്ലൂംസ്‌ബെറി പബ്ലിക്കേഷന്‍ തീരുമാനിക്കുന്നതിലുമുള്ള ധാര്‍മ്മികബോധം ഒന്നു തന്നെയാണ്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സെപ്തംബറില്‍ പുറത്തിറക്കാനിരുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അതിന്റെ രചയിതാക്കള്‍ വെര്‍ച്ച്വലി നടത്താനിരുന്ന ദിവസം പ്രസാധകരായ ബ്ലൂംസ്‌ബെറി പിന്‍വലിക്കുകയായിരുന്നു.
2020 ഫെബ്രുവരിയില്‍, വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമായിരുന്നു അത്. ദല്‍ഹി കലാപത്തിന് പിന്നില്‍ ജിഹാദി നക്‌സല്‍ ഗ്രൂപ്പുകളാണെന്നും ഈ പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാള്‍ ആരോപിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഇതിനിടയിലാണ് ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നുള്ള രണ്ട് രാഷ്ട്രീയക്കാര്‍ക്കും പൊലീസിനും ദല്‍ഹിയില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ദല്‍ഹി അക്രമത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 39 പേരും മുസ്ലിങ്ങളായിരുന്നു. എങ്ങനെയാണ് ബി.ജെ.പി നേതാവായ കപില്‍ മിശ്ര മുസ്ലിങ്ങളെ ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും ആക്രമണങ്ങള്‍ നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വിവരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.
പുസ്തകത്തിന്റെ രചയിതാക്കളിലൊരാള്‍ പറയുന്നത് കലാപത്തിന് പിന്നില്‍ ജിഹാദി-നക്‌സല്‍ ഗ്രൂപ്പുകളാണ് എന്നാണ്. ഇപ്പോഴത്തെ ഭരണകക്ഷിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം സൂചിപ്പിക്കാന്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെടുത്ത ആഖ്യാനമാണല്ലോ ‘ജിഹാദി-നക്‌സല്‍’ ഗ്രൂപ്പുകള്‍.
അതുകൊണ്ട് തന്നെ ദല്‍ഹി അക്രമവുമായി ബന്ധപ്പെട്ട ഇത്തരമൊരു പുസ്തകം ബ്ലൂംസ്‌ബെറി പബ്ലിക്കേഷന്‍ എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരണാനുമതി നല്‍കുകയും ചെയ്തു എന്നത് തന്നെ അപകടകരമാണ്.
ഗ്രൂപ്പ് ഓഫ് ഇന്റലക്ച്ച്വല്‍സ് ആന്‍ഡ് അക്കാദമീഷ്യന്‍സ് അല്ലെങ്കില്‍ ജി.ഐ.എ എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഈ പുസ്തകമെഴുതിയത്. മാര്‍ച്ച് മാസത്തില്‍ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നതിനും മുന്‍പ് ‘ദല്‍ഹി റയോട്ട്‌സ് 2020: റിപ്പോര്‍ട്ട് ഫ്രം ഗ്രൗണ്ട് സീറോ’ എന്ന പേരില്‍ മറ്റൊരു വസ്തുതാന്വേഷണ റിപ്പോര്‍ട്ടും ഇവര്‍ തയ്യാറാക്കിയിരുന്നു. ഈ പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാളും ‘ജിഹാദി-നക്‌സല്‍’ അവകാശവാദം തന്നെ ട്വിറ്ററില്‍ ഉന്നയിച്ചിരുന്നു.
പുസ്തകം പിന്‍വലിക്കാന്‍ ബ്ലൂംസ്‌ബെറി തെരഞ്ഞെടുത്ത കാരണങ്ങളും വ്യക്തതയില്ലാത്തതായിരുന്നു. പുസ്‌കത്തിന്റെ രചയിതാക്കള്‍ പ്രസാധകന്റെ അനുമതിയില്ലാതെ വെര്‍ച്ച്വലായി പ്രീ പബ്ലിക്കേഷന്‍ പരിപാടി സംഘടിപ്പിച്ചതും, പ്രസാധകര്‍ ഒരു കാരണവശാലും അംഗീകരിക്കാത്ത ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതുമെല്ലാമാണ് ഇതിന് കാരണമായി ബ്ലൂംസ്‌ബെറി പറയുന്നത്.

തങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരാണെന്നും തങ്ങള്‍ക്ക് തികഞ്ഞ സാമൂഹിക ഉത്തരവാദിത്തം കൂടിയുണ്ടെന്നുമാണ് ബ്ലൂംസ്‌ബെറി ഇന്ത്യ അവകാശപ്പെടുന്നത്.
പക്ഷേ ഇവിടെ പ്രശ്‌നം അഭിപ്രായ സ്വാതന്ത്ര്യമോ തങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന ഒരു പുസ്തകം പുറത്തിറക്കാനുള്ള പ്രസാധകന്റെ അവകാശവുമായി ബന്ധപ്പെട്ടതോ അല്ല.മറിച്ച് ഫിക്ഷന്‍ അല്ലാത്ത പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ പ്രസാധകര്‍ പുസ്തകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാദങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് എന്നുള്ളതാണ്.
അത്തരം വാദങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു പുസ്തകം ബ്ലൂംസ്‌ബെറിയുടെ എഡിറ്റര്‍മാരുടെ കൈകളിലൂടെ കടന്നു പോകുകയും അതിന് പ്രസിദ്ധീകരണാനുമതി നല്‍കുകയും ചെയ്ത എഡിറ്റോറിയല്‍ നയം ഒരിക്കലും അമേരിക്കയിലെയോ യു.കെയിലെയോ ബ്ലൂംസ്‌ബെറിക്ക് നടപ്പിലാക്കാന്‍ കഴിയില്ല.

1984ല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ വിഷവാതക ദുരന്തത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഒരു ഗവേഷകന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
‘ കമ്പനിയുടെ തന്നെ വെസ്റ്റ് വെര്‍ജീനിയയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ സുരക്ഷ സാമഗ്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലേത് തീര്‍ത്തും ദുര്‍ബലമാണ്. അമേരിക്കയിലുള്ളതുപോലെ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചല്ല ഇന്ത്യയില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ വലുതും വളര്ന്നുക്കൊണ്ടിരിക്കുന്നതുമാ
ഈ വിവരങ്ങള്‍, ബ്ലൂംസ്‌ബെറി, ഫെയ്‌സ്ബുക്ക് തുടങ്ങി മറ്റനേകം കമ്പനികള്‍, പാശ്ചാത്യ രാജ്യങ്ങളില്‍ അവര്‍ സ്വീകരിച്ചുവരുന്ന സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ വലുതും വളരുന്നതുമായ മാര്‍ക്കറ്റ് ചൂഷണം ചെയ്യുന്ന വിധത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
യൂണിയന്‍ കാര്‍ബൈഡ് വിഷയത്തില്‍ ആന്‍ഡേഴ്‌സനോ കമ്പനിയോ സുരക്ഷയില്‍ വീട്ടുവീഴ്ച്ച കാണിച്ച ക്രിമിനല്‍ കുറ്റകൃത്യത്തിന് മറുപടി പറയേണ്ടി വന്നിട്ടില്ല.
ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നേരത്തെ തന്നെ രാജ്യത്തുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലും ഇത് തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്.
ഹിന്ദു ദേശീയവാദികള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് കമ്പനി സ്വീകരിച്ചുവരുന്ന നിയമം ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി മേധാവിയായ അങ്കി ദാസ് ബാധകമാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അത്തരത്തില്‍ ചെയ്തില്ല എങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയുണ്ടാകുമെന്നാണ് അവര്‍ പറയുന്നതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് സംബന്ധ വിഷയങ്ങളിലും ബി.ജെ.പി അനുകൂല നിലപാട് ദാസ് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലാഭത്തിനായി ബി.ജെ.പിയുമായുളള സുക്കര്‍ബര്‍ഗിന്റെ ഈ അവിശുദ്ധ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ ലിബറല്‍ വാദങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നു.
ഹിന്ദുത്വ, ബി.ജെ.പി നേതാക്കള്‍ ഫേസ്ബുക്കിനെ വിദ്വേഷ പ്രചരണത്തിനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുമെല്ലാം ഉപയോഗിക്കുമ്പോഴും സുക്കര്‍ബര്‍ഗ് ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ തന്റെ കമ്പനിയിലെ ജീവനക്കാരോട് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് വളരെ ആവേശത്തോടെ അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.
‘അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുളള കണ്ടന്റുകള്‍ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഇന്ത്യയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ തെരുവുകളിലിറങ്ങി ആളുകളെ നീക്കം ചെയ്യുമെന്ന് പറയുന്നു.
ഇത്തരത്തിലുള്ള ആഹ്വാനങ്ങള്‍ പ്രകടമായിട്ടുള്ളതാണ്. അതുകൊണ്ട് അത് നമ്മള്‍ നീക്കം ചെയ്യേണ്ടതുണ്ട്’. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കപില്‍ മിശ്ര നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇത്തരത്തില്‍ അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ കമ്പനിയുടെ ഇന്ത്യന്‍ ഘടകം കൊലപാതകത്തിലും അക്രമത്തിലുമെല്ലാം സഹകരിക്കുന്നത് തുടരുകയാണ്.

ബ്ലൂംസ്‌ബെറിയുടെ സ്ഥാപകനായ നിഗേല്‍ ന്യൂട്ടന്റെ കാര്യം വ്യത്യസ്തമാണ്. അനേകം മികച്ച എഴുത്തുകാരെ അവതരിപ്പിച്ച ഒരു പ്രസിദ്ധീകരണ സംരംഭമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതേ പബ്ലിഷിങ്ങ് ഹൗസ് ഇന്ത്യയില്‍ വ്യത്യസ്ത ആശയവുമായാണ് പ്രവര്‍ത്തിക്കുന്നത്.
ഉദാഹരണത്തിന് അമേരിക്കയില്‍ ഒരു വെളുത്ത വര്‍ഗക്കാരനായ വംശീയവാദി ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രസ്ഥാനത്തിന് പിന്നില്‍ കമ്മി ജിഹാദി ഗ്രൂപ്പുകളാണെന്ന് കാണിച്ച് ഒരു പുസ്തകം എഴുതുന്നു എന്ന് കരുതുക. അമേരിക്കയിലെയോ ലണ്ടനിലെയോ എഡിറ്റര്‍മാര്‍ ഈ പുസ്തകം സ്വീകരിക്കുകയോ എഡിറ്റ് ചെയ്യുകയോ പോയിട്ട് അത് വായിച്ചുനോക്കുക പോലുമില്ല.
ഈ പുസ്തകം പ്രകാശനം ചെയ്തിരുന്നെങ്കില്‍ തീവ്ര വലതുവിഭാഗം ഇതില്‍ നിന്നും ധാരാളം നേട്ടം ഉണ്ടാക്കിയേനെ. ഇപ്പോള്‍ അത് പ്രസിദ്ധീകരിച്ചില്ല എന്ന പേരിലും അവരത് ചെയ്യും. പക്ഷേ നമ്മള്‍ പ്രധാന വിഷയത്തില്‍ നിന്നും വ്യതിചലിക്കരുത്.
ഈ പുസ്തകം ഒരിക്കലും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കരുതായിരുന്നു. ഇപ്പോള്‍ അത് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുമ്പോഴും ഉത്തരവാദിത്തമില്ലാതെ വലിയ മാറ്റങ്ങളൊന്നും കൂടാതെ തന്നെ ബ്ലൂംസ്ബെറി അതിന്റെ പ്രവര്‍ത്തനം ഭാവിയിലും ഇന്ത്യയില്‍ തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്
പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദ കാരവാന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)
