ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ 100 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഉഗാണ്ടയില്‍ നിന്നും കുടിയേറിയ ഇന്ത്യന്‍ വംശജനും ഇടതുപക്ഷക്കാരനും മുസ്‌ലിം മതവിശ്വാസിയും ഫലസ്തീന്‍ അനുകൂലിയുമായ സൊഹ്‌റാന്‍ മംദാനി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഡെമോക്രാറ്റുകളുടെ മാത്രം വിജയമല്ല, ലോകത്തിന്റെതു കൂടിയാണ്. ഒരു ചട്ടക്കൂടിലും തളച്ചിടാനാകാത്ത വിശാലമായ കാഴ്ചപ്പാടാണ് മംദാനിയുടെതെന്ന് അദ്ദേഹത്തിന്റെ ഓരോ ആക്ടിവിറ്റിയും തെളിയിക്കുന്നു.
കുടുംബവേരുകളുള്ള ഇന്ത്യയും ജനിച്ചുവളര്‍ന്ന ഉഗാണ്ടയും ഒരുപോലെ മംദാനിയുടെ വിജയം ആഘോഷിക്കുന്നതും അതുകൊണ്ടാണ്.
ഇന്ത്യയില്‍ നടക്കുന്ന ഓരോ രാഷ്ട്രീയ ചലനവും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന മംദാനി തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് സോഷ്യല്‍മീഡിയയില്‍ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിക്ക് ഇപ്പോള്‍ ഏതുതരത്തിലുള്ള മേയറാണ് വേണ്ടതെന്ന് ചോദിച്ചാല്‍ തന്റെ ഉത്തരം എന്തായിരിക്കും എന്ന ചോദ്യത്തിന് ആര്യ രാജേന്ദ്രന്‍ മേയറായ വാര്‍ത്ത ഉത്തരമായി നല്‍കുന്ന കുറിപ്പാണ് അന്ന് മംദാനി പങ്കിട്ടത്.
them: so what kind of mayor does nyc need right now?
ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെയും മംദാനി ഒരിക്കല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
2023ല്‍ നടത്തിയ ‘ഹൗഡി, ഡെമോക്രസി’ പരിപാടിയില്‍ വെച്ചാണ് മംദാനി ജെ.എന്‍.യു വിദ്യാര്‍ത്ഥിയും സി.എ.എയ്‌ക്കെതിരായ പ്രതിഷേധങ്ങളടെ പേരില്‍ ജയിലിലടക്കപ്പെടുകയും ചെയ്ത ഉമര്‍ ഖാലിദിന്റെ ഡയറി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്.
വധശിക്ഷകളും വിദ്വേഷ പ്രചാരണങ്ങളും എതിര്‍ത്തുകൊണ്ടുള്ള പ്രചാരണ പരിപാടി സംഘടിപ്പിച്ചതിനാണ് ഉമര്‍ ഖാലിദ് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നതെന്ന് അദ്ദേഹത്തിന്റെ ഡയറി കുറിപ്പ് വായിക്കുന്നതിന് മുമ്പ് മംദാനി വിശദീകരിക്കുന്നുണ്ട്.
2020 സെപ്റ്റംബറില്‍ അറസ്റ്റിലായതിന് ശേഷം കോടതിയിലേക്കുള്ള യാത്രക്കായി ആദ്യമായി ജയിലിന് പുറത്തിറങ്ങിയതിന്റെ അനുഭവമാണ് ഉമറിന്റെ ഡയറിത്താളുകള്‍ പറയുന്നത്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം കണ്ടുകൊണ്ടുള്ള യാത്ര താനും ഒരിക്കല്‍ ഇതുപോലെ സ്വതന്ത്രനായിരുന്നു എന്ന കാര്യം ഓര്‍മിപ്പിച്ചെന്ന് ഉമര്‍ ഖാലിദ് പറയുന്നു.
ചിലിയിലെ ഒരു അഭിഭാഷകന്റെ പോരാട്ടത്തെ കുറിച്ചും അവിടെ പിനൊഷെയുടെ ഭരണകൂടം വീണതിനെ കുറിച്ചും പിന്നീട് ഇടതുപക്ഷ പ്രസിഡന്റ് നിലവില്‍ വന്നതിനെ കുറിച്ചും പ്രതീക്ഷയോടെ ഉമര്‍ ഖാലിദ് കുറിച്ചിരിക്കുന്നു.
ഒരു സ്വേച്ഛാധിപതിയും എന്നെന്നും നിലനില്‍ക്കില്ല, അവന് സത്യത്തെ മറയ്ക്കാനാകില്ല. വിദ്വേഷം കൊണ്ട് സ്‌നേഹത്തെ തോല്‍പ്പിക്കാനാകില്ലെന്നും പറഞ്ഞ് അവസാനിക്കുന്ന ഡയറി കുറിപ്പ് നിറഞ്ഞ കയ്യടിയോടെയാണ് മംദാനി വായിച്ചുതീര്‍ക്കുന്നത്.
മംദാനിയുടെ ഈ വീഡിയോ അദ്ദേഹത്തിനെ തേടി മറ്റൊരു വിജയം എത്തിയ സാഹചര്യത്തില്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് ഏതാനും ദിവസം മുമ്പ് നടന്ന പരിപാടിയിലായിരുന്നു മംദാനി മോദി ഭരണകൂടം ജയിലിലടച്ച ഉമര്‍ ഖാലിദിനെ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ വേരുകളുള്ള തന്റെ പശ്ചാത്തലം മാത്രമല്ല ഉമര്‍ ഖാലിദിന്റെ വാക്കുകളെ ഉദ്ധരിക്കാന്‍ മംദാനിയെ പ്രേരിപ്പിച്ചത്.
അരികുവത്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും നേരെയുള്ള ഇന്ത്യയിലെയും യു.എസിലെയും ഭരണകൂടങ്ങളുടെ ഭീകരതയെ കുറിച്ചുള്ള വ്യക്തമായ ധാരണയുള്ളതുകൊണ്ടു കൂടിയാണ്. മംദാനിയുടെ ഫലസ്തീന്‍ അനുകൂല നിലപാടും അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നു.
മംദാനി, ഇസ്രഈലിന്റെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും നയങ്ങളെ പരസ്യമായി വിമര്‍ശിക്കുകയും മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജൂത രാഷ്ട്രത്തിനായുള്ള ഇസ്രഈലിന്റെ വാദങ്ങളെ തള്ളിക്കളയുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ കാലുകുത്തുന്ന നിമിഷം തന്നെ, നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ യുദ്ധക്കുറ്റം ചുമത്തിയുള്ള ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം മുമ്പ് ആഹ്വാനം ചെയ്തിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നുപറയാനും മംദാനി മടിച്ചിരുന്നില്ല. ഒരു വര്‍ഷം മുമ്പ് മേയര്‍ സ്ഥാനത്തേക്ക് വിജയിക്കുമെന്ന പ്രതീക്ഷകള്‍ കുറവായിരുന്ന സമയത്തും തന്റെ നയങ്ങളെ മറച്ചുവെയ്ക്കാനോ വിജയം ലക്ഷ്യംവെച്ച് ഭരണകൂടത്തിനെ പോലെ ഭൂരിപക്ഷത്തിനെ സന്തോഷിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് മംദാനി ന്യൂയോര്‍ക്കിലെ ജനങ്ങളെ കണ്ടത്. ആഫ്രിക്കയില്‍ നിന്നും കുടിയേറിയ ഏഷ്യന്‍ വംശജനായ മുസ്‌ലിം മതവിശ്വാസി എന്ന ഐഡന്റിറ്റിയുള്ള, ഫലസ്തീനെ പിന്തുണയ്ക്കുന്ന തന്റെ നിലപാട് വ്യക്തമാക്കിയാണ് അദ്ദേഹം വോട്ട് തേടിയത്.
തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ആരോഗ്യരംഗത്തെ ചെലവുകുറഞ്ഞ ചികിത്സ ലഭ്യമാക്കുമെന്നും ശിശുപരിപാലനത്തിനുള്ള പ്രത്യേക സഹായങ്ങളും താമസസ്ഥലങ്ങള്‍ക്ക് നല്‍കുന്ന ഭീമമായ വാടക മരവിപ്പിക്കുമെന്നും തുടങ്ങി ജനകീയമായ വാഗ്ദാനങ്ങളാണ് മംദാനി മുന്നോട്ട് വെച്ചത്.
താഴെത്തട്ടിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതും അതിസമ്പന്നരുടെ ചിന്തയില്‍പോലുമില്ലാത്ത അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയാണ് മംദാനിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും നിലകൊണ്ടത്.
അദ്ദേഹത്തിന്റെ ഈ വിശാലമായ അടിസ്ഥാന മാനുഷിക തത്വത്തിലൂന്നിയുള്ള കാഴ്ചപ്പാടാണ് ഒടുവില്‍ 1969ന് ശേഷം ഏറ്റവുമധികമാളുകള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം സമ്മാനിച്ചത്.
വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിലും തന്റെ രാഷ്ട്രീയവും അറിവും ഈ 34കാരന്‍ മുന്നോട്ടുവെച്ചു. ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍മിപ്പിച്ചാണ് സൊഹ്‌റാന്‍ മംദാനി പ്രസംഗം പൂര്‍ത്തിയാക്കിയത്.
ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നിമിഷം വന്നെത്തിയെന്നും നമ്മള്‍ പഴയതില്‍ നിന്നും പുതിയതിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഒരു യുഗം അവസാനിക്കുകയും അടിച്ചമര്‍ത്തപ്പെട്ട് കിടക്കുന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയും ചെയ്യുന്നുവെന്ന് മംദാനി നെഹ്‌റുവിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞിരുന്നു.
Content Highlight: From Arya Rajendran to Umar Khalid; Zohran Mamdani takes the right side in world politics